ഇവരെ മറന്നു കൊണ്ട് എങ്ങനെ നമുക്ക് പ്രതിരോധം തീർക്കാനാകും?

ഡിസംബർ 19: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വളരെ സവിശേഷമായ പ്രാധാന്യമുള്ള ദിവസം. 1927ലെ ഈ ദിവസം ബ്രിട്ടീഷ് കൊളോണിയൽ സർക്കാർ, അത്യധികം ധീരരും അസാധാരണമായ കഴിവുറ്റവരുമായ കാക്കോരി കേസിലെ വിപ്ലവ സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിലേറ്റി.

രാംപ്രസാദ് ബിസ്മിൽ,അഷ്ഫഖുള്ള ഖാൻ, ഠാക്കൂർ റോഷൻ സിംഗ് എന്നിവരായിരുന്നു ആ മൂന്ന് പേർ പേർ.മറ്റൊരു വിപ്ലവകാരിയായ രാജേന്ദ്ര ലാഹിരിയെ 1927 ഡിസംബർ 17ന് ഗോണ്ട ജയിലിൽ വെച്ച് നിശ്ചയിച്ച തീയതിക്ക് രണ്ട് ദിവസം മുമ്പ് തൂക്കിലേറ്റിയിരുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത പേരുകള്‍.രാജ്യം വർഗ്ഗീയ- കോർപ്പറേറ്റ് രാഷ്ട്രീയത്തിൻ്റെ നീരാളിപ്പിടിയിൽ അമരുമ്പോൾ ഇവരുടെ രക്തസാക്ഷിത്വത്തിന് പ്രാധാന്യമേറുന്നു.സ്വാതന്ത്ര്യസമരത്തിന്റെ ബലിപീഠത്തില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച ഇവരെ വിസ്മരിച്ചു കൊണ്ട് എങ്ങനെയാണ് നമുക്ക് രാജ്യത്തിൻ്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും കാർന്ന് തിന്നുന്ന വർഗ്ഗീയതക്കെതിരെ പ്രതിരോധം തീർക്കാനാകുക.

1927 ഡിസംബര്‍ 19 നു രാവിലെ ആറരമണിയ്ക്കാണ് ഗോരഖ്പൂര്‍ ജയിലില്‍ രാംപ്രസാദ് ബിസ്മില്ലിനേയും ഫൈസാബാദ് ജയിലില്‍ അഷ്ഫഖുള്ളഖാനേയും തൂക്കിലേറ്റി. ”ഹിന്ദുസ്ഥാനി സഹോദരങ്ങളെ, നിങ്ങൾ ഏത് മതത്തിൽപ്പെട്ടവരായാലും, ദയവായി രാജ്യത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നായിരിക്കുക, പരസ്പരം പോരടിക്കരുത് ” എന്ന് എന്ന് അഷ്ഫഖുള്ള തന്റെ അവസാന സന്ദേശത്തിൽ പറഞ്ഞു.കൊലമര ചുവട്ടിൽ ഖുര്‍ആന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട് അഷ്ഫഖുള്ളഖാൻ ഒരു കവിത ചൊല്ലി: ”അവരുടെ അതിക്രമങ്ങളുടെ അനീതി സഹിക്കാനാവാതെ ഫൈസാബാദ് ജയിലില്‍നിന്നും ഞാനിതാ അനശ്വരതയിലേക്ക് പോകുന്നു.”

ഏകദേശം സമാനമായ രംഗങ്ങള്‍തന്നെയാണ് രാംപ്രസാദ് ബിസ്മില്ലിന്റെ തൂക്കുമരചുവിട്ടിലും നടന്നത്.ഹിന്ദുമത വിശ്വാസിയായിരുന്ന ബിസ്മില്‍ അതിരാവിലെ എഴുന്നേറ്റ് പതിവ് പൂജയും ധ്യാനവും കഴിഞ്ഞ് ഗീതയിലെ ഒരു ശ്ലോകം ഉരുവിട്ടുകൊണ്ടാണ് കഴുമരച്ചോട്ടിലേക്ക് നടന്നത്. അതുകഴിഞ്ഞ് ഒരു വിപ്ലവഗാനം ആലപിച്ചു. തുടര്‍ന്ന് ”ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ” എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആ ധീരപോരാളി കൊലക്കയര്‍ കഴുത്തിലണിയുന്നത്.

ഏകദേശം അതേസമയത്തുതന്നെ അലഹബാദ് ജയിലിലും കാക്കോരി കേസിൽ വധശിക്ഷ ലഭിച്ച റോഷൻ സിംഗും കൊലക്കയറിനെചുംബിക്കാനൊരുങ്ങി.രാവിലെ ജയിലര്‍ ആരാച്ചാരെ അയച്ചപ്പോള്‍ റോഷന്‍ സിംഗ് ഗീത കയ്യിലെടുത്തു പുഞ്ചിരിച്ചുകൊണ്ട് നടന്നു. ‘വന്ദേമാതരം’ എന്ന് ഉറക്കെപ്പറഞ്ഞ് ‘ഓം’ എന്ന് ഉരുവിട്ടുകൊണ്ട് അദ്ദേഹവും വിപ്ലവത്തിൻ്റെ അനശ്വരതയിലേക്ക് നടന്നു.രാജീന്ദർനാഥ് ലാഹിരിയെ നിശ്ചിത തീയതിക്ക് രണ്ടു ദിവസം മുന്‍പാണ് തൂക്കിലേറ്റുന്നത്.മാതൃഭൂമിക്കുവേണ്ടി ലാഹിരിയും പൂര്‍ണ്ണമനസ്സോടെ കഴുമരമേറി.

രാജ്യത്തിൻ്റെ അതിജീവനകാലത്തെ സമരങ്ങൾക്ക് ഈ ദിവസം ഓര്‍ക്കാതെ, ഈ രക്തസാക്ഷികളെ സ്മരിക്കാതെ എങ്ങനെയാണ് രാജ്യത്തിന് വേണ്ടി പ്രതിരോധം തീർക്കാനാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News