“കാക്കിപ്പട” ഇറങ്ങാൻ വൈകും.. കാരണം !!  

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “കാക്കിപ്പട” എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ സംവിധായകൻ ഷെബി ചൗഘട്ട് ആണ് റിലീസ് മാറ്റിയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സാങ്കേതികമായ തടസങ്ങൾ മൂലം സിനിമ പറഞ്ഞ ദിവസം റിലീസ് ചെയ്യാൻ സാധിക്കില്ല എന്നാണ് ഷെബി കുറിച്ചത്. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് സെൻസർ ബോർഡ് മാറ്റാൻ നിർദേശിച്ചതാണ് റിലീസ് വൈകാൻ കാരണം.

സംവിധായകൻ ഷെബി ചൗഘട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

”പ്രിയപ്പെട്ടവരെ എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ.

കാക്കിപ്പട ഈ ക്രിസ്മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങൾ ഓരോരുത്തരും. എന്നാൽ ഖേദപൂർവ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതിൽ ചില സാങ്കേതികമായ തടസ്സം വന്നുപെട്ടിരിക്കുന്നു. സെൻസർ ബോഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു. ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങൾ പരാമർശിക്കുന്നതിനാൽ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥവന്ന് ചേർന്നിരിക്കുകയാണ്.

ചിത്രത്തിൽ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളിൽ ചിലരെല്ലാം വിദേശത്താണ് അവർ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെൻസറിങ്ങ് നടത്തുകയും വേണം അതിനു ശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുകയുള്ളു. സെൻസർ ബോഡിലെ പ്രിയപ്പെട്ടവർ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരിൽ ഉള്ള പ്രശ്നം ചൂണ്ടിക്കാട്ടിയത് അതിന് അവരോട് നന്ദി അറിയിക്കുന്നു.  മനുഷ്യർക്ക് ഒരു പേര് കൊണ്ട് പോലും മുറിവേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് തീർച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്, അതിനായി പിന്തുണ നൽകിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നു.  ഏവർക്കും ഒരിക്കൽക്കൂടി ടീം കാക്കിപ്പടയുടെ ക്രിസ്മസ് പുതുവത്സരാശംസകൾ സ്നേഹത്തോടെ *ഷെബി ചൗഘട്ട്*”

കാക്കിപ്പടയുടെ പുറത്തുവന്ന ട്രെയിലറിനും ടീസറും സോങ്ങും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. വ്യത്യസ്തമായ റിലീസ് പ്രഖ്യാപനമായിരുന്നു “കാക്കിപ്പട” സിനിമയുടേത്. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കൂടാതെ തമിഴ്‌നാട്ടിൽ നടന്ന പ്രിവ്യൂ ഷോയിൽ ചിത്രം നിരൂപക പ്രശംസ നേടുകയും ചെയ്തു.

ക്രിസ്തുമസ് റിലീസായി ഡിസംബർ 23നു തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here