അവധിക്കാലം വരുന്നു, കൂടുതല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതാത് ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കൊവിഡ് കേസുകളിൽ വർധനവുണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ആശുപത്രികളിലെ നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണവും താരതമ്യേന കുറവാണ് . എങ്കിലും രാജ്യത്തെ പുതിയ സാഹചര്യത്തിൽ എല്ലാവരും കോവിഡ് ജാഗ്രത പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും കൊവിഡ് പ്രോട്ടോകോൾ പാലിക്കുക. പ്രായമായവരെയും, ഗുരുതര രോഗങ്ങൾ ഉള്ളവരെയും , കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക. അവധി ദിനങ്ങൾ വരാനിരിക്കെ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓർമിപ്പിച്ചു.

കൊവിഡിന്റെ പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതല്‍ കൊവിഡ് സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ഏതെങ്കിലും ജില്ലകളില്‍ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നതാണ്. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവര്‍ക്കും കൊവിഡ് പരിശോധന നടത്തും.

പൊതു ഇടങ്ങളിൽ മാസ്ക് വെക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരുക. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവരോടും കുട്ടികളോടും കരുതലോടെ ഇടപെടുക. പുറത്ത് പോയി വന്നതിന് ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണം.

രാജ്യാന്തര തലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ഐ എം എ ആശങ്ക പ്രകടിപ്പിച്ചു കൊവിഡ്
പ്രോട്ടോക്കോൾ പാലിക്കുന്നത് തുടരണമെന്നും. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും പൊതു ഇടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഐഎംഎ നിർദേശിക്കുന്നു.പനി, തൊണ്ടവേദന ചുമ, വയറിളക്കം തുടങ്ങിയരോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടർമാരെ സമീപിക്കണമെന്നും എത്രയും വേഗം കൊവിഡ് വാക്സിൻ മുൻകരുതൽ ഡോസ് സ്വീകരിക്കണമെന്നും ഐഎംഎ വിശദമാക്കി.

യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിൽ അഞ്ചുലക്ഷത്തിലധികം കേസുകൾ റിപ്പോർട്ടു ചെയ്തു കഴിഞ്ഞു. . കഴിഞ്ഞ ദിവസം ഇന്ത്യയിൽ 145 ഓളം കേസുകളാണ് റിപ്പോർട്ടു ചെയ്തത്. ഇതിൽ നാലു കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് ഉപവകഭേദം ബിഎഫ് 7 ആണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്നും ഐഎംഎഎ ചൂണ്ടിക്കാട്ടി.

അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്നു. സംസ്ഥാനങ്ങൾക്കു പുതുക്കിയ മാർഗനിർദേശം നൽകിയേക്കുമെന്നാണ് സൂചന. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളടക്കം വരാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ജാഗ്രത കടുപ്പിക്കുമെന്ന സൂചന ഉണ്ടായിരിക്കുന്നത്. മാസ്ക്, സാമൂഹിക അകലം, പരിശോധന എന്നിവ നിർബന്ധമാക്കിയേക്കുമെന്നാണ് വിവരം. ചൈനയിൽനിന്ന് എത്തുന്നവർക്കു പരിശോധന കർശനമാക്കിയേക്കും. വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരിൽ ഒരു ശതമാനം പേരെ റാൻഡം പരിശോധനയ്ക്കു വിധേയമാക്കാനും കേന്ദ്രം തീരുമാനിച്ചേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News