തൊഴിൽ – തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃക: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ – തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സിഐടിയു തെലങ്കാനാ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം സ. മല്ലു സ്വരാജ്യം നഗറിൽ (സിദ്ദിപ്പെട്ട) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

59 മേഖലകളിൽ മിനിമം കൂലി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. ന്യായമായ കൂലി എല്ലാ തൊഴിലാളികൾക്കും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഇക്കാര്യത്തിൽ രാജ്യത്തിനാകെ തന്നെ മാതൃകയാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളായാണ് കേരളം കണക്കാക്കുന്നത്. അവരുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. കോവിഡ് കാലത്ത് ഏറെ പരിഗണന ലഭിച്ച വിഭാഗമാണ് അതിഥി തൊഴിലാളികളെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

പൊതുമേഖലകളെ സ്വകാര്യവൽക്കരിക്കലാണ് കേന്ദ്ര നയമെങ്കിൽ അവയെ പൊതുമേഖലയിൽ തന്നെ നിലനിർത്തി സംരക്ഷിക്കുക എന്നതാണ് കേരളത്തിന്റെ നയം. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ് ആയി പൊതു മേഖലയിൽ തന്നെ നിലനിർത്തിയത് ഇതിന് ഉദാഹരണമാണ്.

തൊഴിലാളി – തൊഴിലുടമ സൗഹൃദം ശക്തമായ സംസ്ഥാനമാണ് കേരളം. തൊഴിൽ പ്രശ്നങ്ങളിൽ സത്വരമായ ഇടപെടൽ ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഘടനകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി വ്യവസായ ബന്ധ സമിതി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടിയ ദിവസ വേതനം ഉള്ള സംസ്ഥാനമാണ് കേരളം. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനേക്കാൾ ഏതാണ്ട് നാല് ഇരട്ടിയാണ് കേരളത്തിലെ തൊഴിലാളികൾക്ക് ദിവസവും വേതനമായി ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം, സാമൂഹ്യ നീതി എന്നിവയിലൊക്കെ ഒന്നാം സ്ഥാനത്താണ് കേരളം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി 21 ക്ഷേമ പദ്ധതികളാണ് കേരളത്തിൽ നിലവിലുള്ളത്. ഇതിൽ ആകെ 73 ലക്ഷം തൊഴിലാളികളാണ് അംഗമായിട്ടുള്ളത്.കേന്ദ്രസർക്കാരിന്റെ ലേബർ കോഡുകൾ സംസ്ഥാനത്ത് നടപ്പാക്കുമ്പോൾ നിയമത്തിനുള്ളിൽ നിന്ന് കൊണ്ട് പരമാവധി തൊഴിലാളി താൽപര്യം സംരക്ഷിക്കും. തൊഴിൽ ചെയ്യുന്ന എല്ലാവർക്കും ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങൾക്കും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന കേരള സർക്കാരിനെ അട്ടിമറിക്കാൻ ഉള്ള നീക്കങ്ങൾ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ ചുക്കാ രാമുലു പൊതു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News