പ്രസവ അവധി അനുവദിക്കും; സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാം

സര്‍വകലാശാലയില്‍ ഡിഗ്രി, പി.ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവ അവധി അനുവദിക്കാന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിന് സിന്‍ഡിക്കേറ്റ് നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രഫഷണല്‍ കോഴ്സുകള്‍(നോണ്‍ ടെക്നിക്കല്‍) എന്നിവയിലെ 18 വയസു കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് അറുപത് ദിവസത്തെ പ്രസവ അവധി അനുവദിക്കുക. പ്രസവത്തിനു മുന്‍പോ ശേഷമോ ഈ അവധി എടുക്കാം. പൊതു അവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്‍. അനിത, ഡോ. എസ്. ഷാജില ബിവി, ഡോ. ബിജു പുഷ്പന്‍, ഡോ. ജോസ് എന്നിവരടങ്ങിയ കമ്മീഷനാണ് വിദ്യാര്‍ഥികളുടെ പ്രസവാവധി സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിനു മാത്രമാണ് അവധി അനുവധിക്കുക. കോഴ്‌സിന്റെ കാലാവധിയില്‍ ഒരു തവണമാത്രം, പ്രസവ അവധിക്കൊപ്പം മറ്റ് അവധികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന് തുടങ്ങിയ വ്യവസ്ഥകളും നിലവില്‍വരും.

ഗവേഷണത്തിന് പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തും

എം.ജി. സര്‍വകലാശാലയില്‍ ഗവേഷണത്തിന് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എല്ലാ റിസര്‍ച്ച് ഗൈഡുമാരും ഒരു സീറ്റ് ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കായി ഒഴിച്ചിടണം. യോഗ്യരായ വിദ്യാര്‍ഥികള്‍ ഇല്ലെങ്കിലും ഒരു വര്‍ഷം വരെ ഒഴിവ് നിലനിര്‍ത്തണം. പിന്നീട് ഡോക്ടറല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

നിലവില്‍ വകുപ്പുകളില്‍ ഗവേഷണത്തിന് ഒഴിവുള്ള സീറ്റുകളില്‍ ഒരെണ്ണം ഈ രീതിയില്‍ സംവരണം ചെയ്യണം. ഒഴിവില്ലാത്ത വകുപ്പുകളില്‍ ഇനി വരുന്ന ആദ്യത്തെ ഒഴിവ് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കായി നീക്കി വയ്ക്കണമെന്നും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News