എം.ജി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി; സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാം

ഡിഗ്രി, പി ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് പഠനം നടത്താന്‍ സിന്‍ഡിക്കറ്റ് നിയോഗിച്ച കമീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. ഇവയ്ക്കാണ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്. പഠനകാലയളവിനെ ബാധിക്കാത്ത രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ ഒരു സര്‍വകലാശാലാ തീരുമാനമെടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.

സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പിജി, ഇന്റഗ്രേറ്റഡ്, പ്രൊഫഷണല്‍ കോഴ്സുകള്‍ (നോണ്‍ ടെക്നിക്കല്‍) എന്നിവയിലെ 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് അറുപത് ദിവസത്തെ പ്രസവാവധി അനുവദിക്കുക. പ്രസവത്തിന് മുമ്പോ ശേഷമോ ഈ അവധി എടുക്കാം.

പൊതുഅവധിദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും.സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. ആര്‍ അനിത, ഡോ. എസ് ഷാജില ബീവി, ഡോ. ബിജു പുഷ്പന്‍, ഡോ. ജോസ് എന്നിവരടങ്ങിയ കമീഷനാണ് വിദ്യാര്‍ഥികളുടെ പ്രസവാവധി സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്.

അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍:

-ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിനു മാത്രമാണ് അവധി അനുവദിക്കുക.

-ഒരു കോഴ്സിന്റെ കാലയളവില്‍ ഒരുതവണ മാത്രമാണ് ഈ അവധി എടുക്കാന്‍ കഴിയുക.

-രജിസ്ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് പ്രിന്‍സിപ്പലിനോ പഠനകേന്ദ്രത്തിന്റെ മേധാവിക്കോ ഡയറക്ടര്‍ക്കോ അവധി അനുവദിക്കാം.

-പ്രസവാവധിക്കൊപ്പം മറ്റ് അവധികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.

-പ്രസവാവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നു ദിവസം മുമ്പ് അപേക്ഷ നല്‍കണം.

-സെമസ്റ്ററിനിടയില്‍ പ്രസവാവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കും. ഇതേ പരീക്ഷ അടുത്ത സെമസ്റ്ററില്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സപ്ലിമെന്ററിയായി എഴുതാനാകും.

-പ്രസവാവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററില്‍ പഠനം തുടരാം.

-പ്രസവാവധിയിലുള്ള വിദ്യാര്‍ഥിനികള്‍ക്ക് പ്രാക്ടിക്കല്‍, ലാബ്, വൈവ പരീക്ഷയില്‍ പങ്കെടുക്കേണ്ട സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ വകുപ്പിന്റെ മേധാവി ഇതിനു വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News