കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2021-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 6 പേര്‍ അവാര്‍ഡിന് അര്‍ഹരായതായി അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അറിയിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം.

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്‌മാന്. പ്രബുദ്ധ കേരളത്തില്‍ വര്‍ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദ ചികിത്സകള്‍ക്കുമെതിരെ നടപടി ആവശ്യപ്പെടുന്ന “അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനടപടികള്‍” എന്ന മാധ്യമം ദിനപത്രത്തിലെ എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

മുന്‍ ഡിജിപി എ. ഹേമചന്ദ്രന്‍ ഐ.പി.എസ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, ഡോ.മിനി സുകുമാരന്‍ എന്നിവരടങ്ങുതായിരുന്നു ജൂറി. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മംഗളം ദിനപത്രത്തിന്റെ മലപ്പുറം ജില്ലാലേഖകന്‍ വി പി നിസാറിനെ തിരഞ്ഞെടുത്തു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകള്‍ മൂലം ട്രാന്‍സ് ജന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതം സമൂഹ മനസ്സിനുമുന്നിലെത്തിച്ച “ഉടലിന്റെ അഴലളവുകള്‍” എന്ന പരമ്പരയാണ് നിസാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കെ.വി.സുധാകരന്‍, നീതു സോന, കെ.ജി ജ്യോതിര്‍ഘോഷ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് സമകാലിക മലയാളം വാരികയുടെ പത്രാധിപസമിതി അംഗം പി.എസ്. റംഷാദ് അര്‍ഹനായി. ‘കഴിയില്ല ചരിത്രം മായ്ക്കാന്‍ ,സത്യങ്ങളും’ എന്ന പരമ്പരയ്ക്കാണ് പുരസ്‌ക്കാരം. ബൈജു ചന്ദ്രന്‍, ഡോ.പി.കെ രാജശേഖരന്‍, ഡോ. ആര്‍. ശര്‍മിള എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍.

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാധ്യമം ദിനപ്പത്രത്തിലെ കുട്ടനാട് പ്രാദേശിക ലേഖകന്‍ ദീപു സുധാകരന്‍ അര്‍ഹനായി. വര്‍ഷത്തിന്റെ ഭൂരിഭാഗവും വെള്ളക്കെട്ടിലമരുന്ന കുട്ടനാടിന്റെ നേര്‍ചിത്രം വിവരിച്ച ‘നെല്ലറയുടെ കണ്ണീര്‍’ എന്ന പരമ്പരയ്ക്കാണ് ബഹുമതി. പി.എസ് രാജശേഖരന്‍, വി.എം.അഹമ്മദ്, സരിത വര്‍മ എന്നിവരായിരുന്നു ജൂറി.

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയേറ്റിനുമുന്‍പില്‍ നടത്തിയ സമരത്തിന്റെ ഹൃദയസ്പര്‍ശിയായ നിമിഷം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ വിന്‍സന്റ് പുളിക്കല്‍ 2021-ലെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിനു അര്‍ഹനായി. ന്യൂസ് ഫോട്ടോഗ്രഫിയുടെ മികവ് പ്രകടമായ ‘ജീവിതം കഠിനം’ എന്ന ചിത്ര ത്തിലൂടെ എന്‍.ആര്‍.സുധര്‍മദാസും (കേരള കൗമുദി), ‘കണ്ണില്‍ അച്ഛന്‍’ എന്ന ചിത്രം പകര്‍ത്തിയ അരുണ്‍ ശ്രീധറും (മലയാള മനോരമ) ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

ടി.കെ രാജീവ് കുമാര്‍, രാജന്‍ പൊതുവാള്‍, നീന പ്രസാദ് എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍. ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് എഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ കൃഷ്‌ണേന്ദു വി. അര്‍ഹയായി. എറണാകുളം മരടിലെ കക്ക വാരല്‍ തൊഴിലാളികളുടെ ദുരിതജീവിതവും പ്ലാസ്റ്റിക്മാലിന്യപ്രശ്‌നവും അനാവരണം ചെയ്ത “കക്കത്തൊഴിലാളികളുടെ കായല്‍” എന്ന ഹൃദ്യമായ റിപ്പോര്‍ട്ടാണ് കൃഷ്‌ണേന്ദുവിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ദൂരദര്‍ശന്‍ അഡീ.ഡയറക്ടര്‍ ജനറലായിരുന്ന കെ.കുഞ്ഞികൃഷ്ണന്‍, സരിത വര്‍മ എന്നിവരടങ്ങിയ കമ്മറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ജനറല്‍ കൗണ്‍സില്‍ അംഗം സുരേഷ് വെളളിമംഗലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News