ഫിഷറീസ് സർവകലാശാല വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ

കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. വൈസ് ചാൻസലർമാരുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ സംബന്ധിച്ചോ, തിരഞ്ഞെടുപ്പ് സമിതിയെ സംബന്ധിച്ചോ പാർലമെന്റ് നിയമം പാസാക്കിയിട്ടില്ലെന്ന് ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന് യുജിസി ചട്ടങ്ങളെക്കാൾ പ്രാമുഖ്യം ഉണ്ടെന്നും ഹർജിയിൽ കേരളം വിശദീകരിച്ചിട്ടുണ്ട്.

മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ നിയമോപദേശമടക്കം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ സ്ഥാപനം തയ്യാറാക്കിയ യുജിസി ചട്ടങ്ങൾക്ക്, സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തെക്കാൾ പ്രാമുഖ്യം ഇല്ലെന്നാണ് സർക്കാരിന്റെ പ്രധാന വാദം. 2010ൽ സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തിൽ കുഫോസ് വിസി നിയമനത്തെ സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിനാൽ കുഫോസ് വിസി തിരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വൈസ് ചാൻസലർ നിയമനവും ആയി ബന്ധപ്പെട്ട് ഒരു നിയമവും പാർലമെന്റ് പാസ്സാക്കിയിട്ടില്ല. അതിനാൽ കേന്ദ്ര – സംസ്ഥാന നിയമങ്ങൾ തമ്മിൽ വൈരുധ്യം ഉണ്ടെങ്കിൽ, സംസ്ഥാനനിയമം മാത്രമേ നിലനിൽക്കുകയുള്ളുവെന്ന വാദം ഈ കേസിൽ പ്രസക്തമല്ലെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. 2018 ലെ യുജിസി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച്‌ കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസിലർ ആയി നിയമിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ നിയമനം റദ്ദാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here