
കൊവിഡ് ജാഗ്രത ശക്തമാക്കി കേന്ദ്രം. വിദേശത്തുനിന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. ചൊവ്വാഴ്ച സംസ്ഥാന തലത്തിൽ മോകഡ്രില്ലുകൾ നടത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
വീണ്ടും കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. വിമാനത്താവളങ്ങളിൽ ഇന്നലെ മുതൽ രണ്ട് ശതമാനം യാത്രക്കാരിൽ പരിശോധന തുടങ്ങി.രോഗം സ്ഥിരീകരിക്കുന്ന സാമ്പികളുകൾ ജനിതകശ്രേണീകരണത്തിന് അയക്കും. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
വാക്സിനേഷനും കൊവിഡ് പരിശോധനയും കർശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ മോക്ഡ്രിൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.ചൈന, ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗം സ്ഥിരീകരിച്ചാൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഈ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കൊവിഡില്ല, രോഗ ലക്ഷണങ്ങളില്ല എന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണം.
അതേസമയം, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടില്ല. ഒരാഴ്ച്ച കൊവിഡ് വ്യാപനം നിരീക്ഷിച്ച ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കുക.എന്നാൽ വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാരിൽ പ്രതിരോധശേഷി കൂടുതലായതിനാൽ ചൈനയിലേതിന് സമാനമായ ഒരു സാഹചര്യം ഉണ്ടാകില്ല എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here