തനിക്ക് പിഴവ് പറ്റിയിരുന്നു; വിമർശിക്കുന്നവർ ഇത് കൂടി കാണണം

ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ , നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2 ന് ലാറ്റിൻ ടീം അർജന്റീന പരാജയപ്പെടുത്തി. കെലിയൻ എംബാപ്പെയുടെ ഹാട്രിക്ക് ഗോളുകൾ അടക്കം മത്സരത്തിൽ ആറു ഗോളുകൾ പിറന്ന കളിയിൽ അർജന്റീന മികച്ച പ്രകടനം കാഴ്ച വച്ചു. പെനാൽറ്റിയിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിൽ അർജന്റീന കപ്പ് ഉയർത്തി.

അർജന്റീനയുടെ വിജയത്തിന് ശേഷം കളിയിലെ ഗോളുകളെ കുറിച്ചും, കളി നിയന്ത്രിച്ച ഫിഫ ഒഫിഷ്യൽ റെഫറിമാരെ കുറിച്ചും പരാതികളും വിമർശനങ്ങളും ഉയർന്നു. അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ രണ്ടാം ഗോൾ (എക്‌സ്‌ട്രാ ടൈമിൽ) നിയമവിരുദ്ധമാണെന്ന വാദം ഉയർന്നു വന്നു. ഫ്രഞ്ച് മാധ്യമങ്ങൾ ഗോൾ അനുവദിക്കരുതെന്ന് ഉറപ്പിച്ചു പറഞ്ഞു. മെസ്സി ഗോൾ നേടുന്ന സമയത്ത് പതിനൊന്ന് കളിക്കാരെ കൂടാതെ ഒരു പകരക്കാരനും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു എന്നും, ഇത് ഫുട്‍ബോൾ നിയമങ്ങൾക്ക് എതിരാണെന്നും, ഇങ്ങനെ സംഭവിച്ചാൽ ഗോൾ അനുവദിക്കരുത് എന്നും മാധ്യമങ്ങളും ആരാധകരും വാദിച്ചു. മാധ്യമങ്ങൾ അർജന്റീനിയൻ താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയ വീഡിയോയും പങ്കു വച്ചു.

വിവാദങ്ങളെ തുടർന്ന് പോളിഷ് റഫറി സിമോൺ മാർസിനിയാക് ഇപ്പോൾ മൗനം വെടിഞ്ഞിരിക്കുകയാണ്. മെസ്സിയുടെ ഗോളിനെ കുറിച്ച് വാചാലരാകുന്ന ഫ്രഞ്ച് പ്രസിദ്ധീകരണങ്ങൾ എന്ത് കൊണ്ടാണ് എംബാപ്പെയുടെ ഗോളിനെ കുറിച്ച് ഒന്നും പറയാത്തത് എന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു.  എംബാപ്പെ ഗോൾ നേടുമ്പോൾ ഏഴ് ഫ്രഞ്ചു താരങ്ങൾ മൈതാനത്ത് ഉണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും,” വീഡിയോ അടക്കം പ്രദർശിപ്പിച്ചാണ് മാർസിനിയാക് മാധ്യമങ്ങൾക്ക് മറുപടി നൽകിയത്.

എന്നാൽ, ഫൈനലിൽ തനിക്ക് പിഴവ് പറ്റിയിട്ടുണ്ടെന്ന് റഫറി സമ്മതിച്ചു.
“തീർച്ചയായും, ഈ ഫൈനലിൽ എനിക്ക് പിഴവ് പറ്റിയിരുന്നു. മാർക്കോസ് അക്യൂന ഫ്രഞ്ച് താരത്തെ ഫൗൾ ചെയ്തു. തുടർന്ന് ഫ്രാൻസ് പ്രത്യാക്രമണം നടത്താൻ ഒരുങ്ങിയപ്പോൾ ഞാൻ വിസിൽ മുഴക്കി. പരിക്കേറ്റ കളിക്കാരനു വിശ്രമം വേണമെന്ന് എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞു.
ഇതുപോലുള്ള ഒരു മാച്ചിൽ അങ്ങനൊരു പിഴവ് പാടില്ലായിരുന്നു. അത് ഞാൻ ഉൾക്കൊള്ളുന്നു. മറ്റു വലിയ തെറ്റുകളൊന്നും സംഭവിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here