രാജൻ്റെ മരണം കൊലപാതകം തന്നെ; ഒപ്പം ബൈക്കിലെത്തിയ ആളെ തിരഞ്ഞ് പൊലീസ്

കോഴിക്കോട് വടകരയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജനെയാണ് (62) ഇന്നലെ രാത്രി 12 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് രാജൻ്റെ .കഴുത്തിലും മുഖത്തും വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്.ഇദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണമാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. കടയിൽ പിടിവലി നടന്നതായ ലക്ഷണമുണ്ടെന്നും പൊലീസ് പറഞ്ഞു.രാജൻ്റെ മോട്ടോർ സൈക്കിളും കാണാനില്ല.

തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. രാത്രി ഒമ്പത് മണിക്കു മുമ്പ് രാജൻ ബൈക്കിൽ ഒരാളോടൊപ്പം കടയിലേക്ക് വരുന്നതായി സമീപത്തെ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളെ വ്യക്തമല്ല. രാത്രിയിൽ വ്യാപാരം കഴിഞ്ഞാലും രാജൻ ദീർഘനേരം കടയിൽ തന്നെ ഇരിക്കാറുണ്ട്. മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ പറയാനായിട്ടില്ലെന്നും സംഭവസ്ഥലത്തെത്തിയ ഡിഐജി രാഹുൽ ആർ നായർ പറഞ്ഞു.

റൂറൽ എസ്പിയുടെ കീഴിലുള്ള വിരലടയാള വിദഗ്ധരും സംഘവും കടയിൽ പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു. കടയ്ക്കുള്ളിൽ ബലപ്രയോഗം നടന്ന ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു. കടയിൽ നിന്നു മണം പിടിച്ച നായ സമീപത്തെ റോഡ് വരെ പോയി നിന്നു.

പഴയ ബസ് സ്റ്റാന്റിനു സമീപത്തെ ന്യൂ ഇന്ത്യ ഹോട്ടലിനു മുന്നിലൂടെ മാർക്കറ്റ് റോഡ് ഭാഗത്തേക്കു പോകുന്ന ഇടവഴിയിലെ വിനായക ട്രേഡേഴ്‌സ് ഉടമയായ രാജൻ പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News