മണ്ഡല പൂജക്കൊരുങ്ങി ശബരിമല അയ്യപ്പസന്നിധാനം

മണ്ഡലപൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രസന്നിധി ഒരുങ്ങുന്നു. കലിയുഗവരദന് ചാര്‍ത്താനുള്ള തങ്കയങ്കി പേടകവും വഹിച്ചുള്ള ഘോഷയാത്രയെ ഡിസംബര്‍ 26ന് വൈകുന്നേരം 5.30ന് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആചാരപൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ഇതിനായി ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള പ്രതിനിധികള്‍ വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറന്നശേഷം 5.15 ഓടെ അയ്യപ്പ സന്നിധിയില്‍നിന്നു തന്ത്രി പൂജിച്ചു നല്‍കുന്ന പ്രത്യേക ഹാരങ്ങളും അണിഞ്ഞ് ശരണം വിളികളുമായി ശരംകുത്തിയില്‍ എത്തിച്ചേരും.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോകും. ശേഷം 6.35ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും.

തുടര്‍ന്ന് ഭക്തര്‍ക്ക് തന്ത്രി പ്രസാദം വിതരണം ചെയ്യും. പിന്നീട് ഭക്തര്‍ക്ക് തങ്കയങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിക്കാം. 26ന് രാത്രി 9.30ന് അത്താഴപൂജ. രാത്രി 11.20ന് ഹരിവരാസനം പാടി 11.30ന് ക്ഷേത്ര നട അടയ്ക്കും. ഡിസംബര്‍ 27ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കും. തുടര്‍ന്ന് അഭിഷേകവും പതിവ് പൂജയും നടക്കും. ഡിസംബര്‍ 27ന് ഉച്ചക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കുക.

മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചാല്‍ വൈകുന്നേരം വീണ്ടും നടതുറക്കും. അയ്യപ്പഭക്തര്‍ക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി ഒരുക്കുന്നുണ്ട്. ഡിസംബര്‍ 27ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്.

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍

(26.12.2022)

പുലര്‍ച്ചെ 2.30ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും
5.30 ന് ശരംകുത്തിയില്‍ തങ്കയങ്കി ഘോഷയാത്രക്ക് വരവേല്‍പ്പ്
6.35ന്… തങ്കയങ്കി ചാര്‍ത്തിയുള്ള
മഹാദീപാരാധന
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel