‘വിവേചനരഹിതമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് മാർപാപ്പ

പോപ് ഫ്രാൻസിസ് മാർപാപ്പ തന്റെ പരമ്പരാഗത ക്രിസ്തുമസ് ദിന സന്ദേശത്തിൽ യുക്രെയ്നിലെ “വിവേചനരഹിതമായ” യുദ്ധവും മറ്റ് സംഘർഷങ്ങളും അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു, യുദ്ധത്തിന്റെ ആയുധമായി ഭക്ഷണം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഭക്ഷണവും സംരക്ഷണവും തേടുന്ന കുടിയേറ്റക്കാരെയും, അഭയാര്ഥികളെയും, ദരിദ്രരെയും സംരക്ഷിക്കണമെന്നും, അവർക്ക് ആശ്വാസവും സ്നേഹവും നല്കണമെന്നും സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. “ലോകത്തിൽ എല്ലായിടത്തും സമാധാനം ആഗ്രഹിക്കുന്നകുട്ടികളുടെ മുഖം നമുക്ക് ഓർക്കാം.
10 മാസത്തെ യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾ കാരണം വീടുകളിൽ നിന്ന് അകലെ, ഇരുട്ടിലും തണുപ്പിലും ഈ ക്രിസ്മസ് അനുഭവിക്കുന്ന നമ്മുടെ യുക്രേനിയൻ സഹോദരീസഹോദരന്മാരുടെ മുഖവും നമുക്ക് ഓർക്കാം. ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കാൻ അവരോട് ഐക്യദാർഢ്യപ്പെടാനുള്ള സ്നേഹം നമ്മിലുണ്ടാവാനും, അത് പകർന്നു നൽകുവാനും കർത്താവ് നമ്മെ പ്രചോദിപ്പിക്കട്ടെ, ആയുധങ്ങളുടെ ഇടിമുഴക്കത്തെ നിശബ്ദമാക്കാനും ഈ യുക്തിരഹിതമായ യുദ്ധം ഉടൻ അവസാനിപ്പിക്കാനുമുള്ള ശക്തി അവരുടെ മനസ്സിൽ പ്രകാശിക്കട്ടെ” എന്നും അദ്ദേഹം പ്രത്യാശിച്ചു.

യുക്രെയ്‌നിലെ യുദ്ധം ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് നയിച്ചു. അഫ്ഗാനിസ്ഥാനിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും യുദ്ധങ്ങളെ മാർപാപ്പ അപലപിച്ചു. സിറിയ, മ്യാൻമർ, ഇറാൻ, ഹെയ്തി, എന്നിവിടങ്ങളിലെ യുദ്ധങ്ങളിലും മാനുഷിക പ്രതിസന്ധികളാലും ജീവിതം തകർത്തവരെ കുറിച്ചുള്ള ഉത്കണ്ഠ യും അദ്ദേഹം പങ്കു വച്ചു.

ലോകം സമാധാനത്തിന് കടുത്ത ക്ഷാമം നേരിടുന്നുവെന്നും എല്ലാ യുദ്ധങ്ങളും പട്ടിണി ഉണ്ടാക്കുകയും ഭക്ഷണത്തെ ഒരു ആയുധമായി ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്ന് ഞങ്ങൾക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സെൻട്രൽ ബാൽക്കണിയിൽ നിന്ന് വിശ്വാസികളോട് സംസാരിക്കവെ ആണ് അദ്ദേഹം ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകർന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here