ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം; ഇന്ത്യക്ക് വെല്ലുവിളിയായി രണ്ട് ടീമുകൾ

ബംഗ്ലാദേശിനെതിരായ പരമ്പര 2-0 ന് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. നിലവിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്കായെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല.

നിലവില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക പരമ്പര നടക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചു. അവശേഷിക്കുന്ന രണ്ടിലും വിജയം നേടാനായാല്‍ ഓസ്ടേലിയക്ക് ഫൈനല്‍ ഉറപ്പിക്കാനാകും.നിലവിൽ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് കങ്കാരുപ്പട.

ഇന്ത്യയുടെ സാധ്യതകൾക്ക് വെല്ലുവിളി ഉയർത്തുന്ന മറ്റൊരു ടീം ദക്ഷിണാഫ്രിക്കയാണ്.ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന മത്സരങ്ങളും നാട്ടില്‍ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും വിജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും അവസാന രണ്ടിലെത്താനുള്ള സാധ്യതകളുണ്ട്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 74-7 എന്ന നിലയിലേക്ക് തകർന്ന ശേഷമാണ് മത്സരം തിരികെ പിടിച്ചത്.. എന്നാല്‍ രവിചന്ദ്രന്‍ അശ്വിന്‍ (42), ശ്രേയസ് അയ്യര്‍ (29) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സാണ് നേടിയത്.ഇതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇന്ത്യ നില നിർത്തിയത്.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 4 മത്സരങ്ങളുള്ള പരമ്പര അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായാണ് നടക്കുന്നത്. പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയ ബഹുദൂരം മുന്നിലാണ്. 76.92 ശതമാനമാണ് ഓസ്ട്രേലിയക്കുള്ളത്.ബംഗ്ലാദേശിനെതിരെയുള്ള പരമ്പര ജയത്തോടെ 58.92 ശതമാനത്തോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിർത്തിയത്.ഇനി നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും മികച്ച പ്രകടനം നിലനിർത്താനായാൽ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ എന്ന സ്വപ്നം ഇന്ത്യക്ക് നേടാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News