തങ്കയങ്കി ഘോഷയാത്ര ഇന്ന് വൈകുന്നേരം സന്നിധാനത്ത് എത്തും

മണ്ഡലപൂജയ്ക്കായി ശബരിമല ക്ഷേത്രസന്നിധി ഒരുങ്ങി. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് വൈകുന്നേരം ശബരിമല ക്ഷേത്ര സന്നിധാനത്തിൽ എത്തും. പെരുന്നാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും ഇന്നത്തെ യാത്ര പുറപ്പെട്ട തങ്കയങ്കി പേടകം ളാഹ സത്രവും, പ്ലാപ്പള്ളിയും, നിലക്കലും കടന്ന് ഇന്നുച്ചയോടെ പമ്പയിൽ എത്തിച്ചേരും. പമ്പയിലെ വിശ്രമത്തിനു ശേഷം വൈകീട്ട് 5.30 ഓടെ ശരം കുത്തിയിൽ എത്തും. ശരംകുത്തിയിൽ ദേവസ്വം പ്രതിനിധികൾ ഉപചാരപൂർവം തങ്കയങ്കിയെ സ്വീകരിയ്ക്കും. തുടർന്ന് സന്നിധാനത്തിലേക്ക് എത്തുന്ന തങ്കയങ്കി പേടകം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ. ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങും . തുടർന്ന് 6.35ന് തങ്കയങ്കി ചാർത്തിയുള്ള മഹാ ദീപാരാധനയും പ്രസാദം വിതരണവും നടക്കും. ദീപാരാധനയ്ക്ക് ശേഷം ഭക്തർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം ദർശിക്കുവാനുള്ള അവസരം ഒരുങ്ങും.

ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണൻ അടക്കമുള്ളവർ സന്നിധാനത്തെത്തി ഒരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തിയിരുന്നു. 80369 പേർ വെർച്വൽ ക്യൂ മുഖേന ദർശനത്തിനു ബുക്ക് ചെയ്തിട്ടുണ്ട്. ഡിസംബർ 27ന് ഉച്ചയ്ക്ക് 12.30 നും ഒരു മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡല പൂജയോട് അനുബന്ധിച്ചുണ്ടാകുന്ന ഭക്തജന തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ബോർഡ് അധികൃതരും എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

മണ്ഡലപൂജയ്ക്ക് ശേഷം ഡിസംബർ 27ന് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. 2023 ജനുവരി 14 ന് ആണ് മകരവിളക്ക്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News