വാത്സല്യ നിധി പദ്ധതിയെ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍

എല്‍ ഐ സിയുമായി ചേര്‍ന്ന് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന വാത്സല്യ നിധി പദ്ധതിയെ പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാര്‍. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന പദ്ധതി, കേന്ദ്രം നിര്‍ത്തലാക്കിയതിനാല്‍ എല്‍ ഐ സി വാഗ്ദാനം ചെയ്ത തുക നല്‍കില്ലെന്നറിയിച്ചതാണ് വാത്സല്യ നിധി പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.

എന്നാല്‍ പദ്ധതി നിര്‍ത്തലാക്കിയിട്ടില്ലെന്നും എല്‍ ഐ സിയെ ഒഴിവാക്കി, പദ്ധതി പുന:പ്പരിശോധിച്ച് മികച്ച രീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി പട്ടികജാതി വികസന വകുപ്പ് അറിയിച്ചു.

പട്ടികജാതിയില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി, പട്ടിക ജാതിവികസന വകുപ്പും എല്‍ ഐ സിയും ചേര്‍ന്ന്, 2017 ലാണ് വാത്സല്യ നിധി പദ്ധതി ആരംഭിച്ചത്. 2017 ഏപ്രില്‍ 1നു ശേഷം ജനിച്ച, ഒരു ലക്ഷം രൂപവരെ വാര്‍ഷിക വരുമാന പരിധിയില്‍ വരുന്ന കുടുംബത്തിലെ പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പദ്ധതിയില്‍ അംഗമാകുന്ന പെണ്‍കുട്ടികളുടെ പേരില്‍, ഒരു ലക്ഷത്തി മുപ്പത്തെണ്ണായിരം രൂപ നാല് ഗഡുക്കളായി പട്ടികജാതി വികസന വകുപ്പ് എല്‍ ഐ സിയില്‍ നിക്ഷേപിക്കും.പിന്നീട് പെണ്‍കുട്ടിയ്ക്ക് 18 വയസ്സു പൂര്‍ത്തിയാകുമ്പോള്‍ 3 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി നല്‍കുന്നതാണ് പദ്ധതി.

എന്നാല്‍ രണ്ടു വര്‍ഷം മുന്‍പ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന പദ്ധതി കേന്ദ്രം നിര്‍ത്തലാക്കിയതിനാല്‍ എല്‍ ഐ സി വാഗ്ദാനം ചെയ്ത തുക നല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു.വിവരാവകാശനിയമ പ്രകാരം ലഭിച്ച രേഖയിലാണ് എല്‍ ഐ സിയുടെ പിന്‍മാറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

എന്നാല്‍ പദ്ധതി, സംസ്ഥാനം നിര്‍ത്തലാക്കിയിട്ടില്ലെന്നും എല്‍ ഐ സിയെ ഒഴിവാക്കി പദ്ധതി പുനപ്പരിശോധിച്ച് മികച്ച രീതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായും പട്ടികജാതി വികസന വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച്  14,259 പെണ്‍കുട്ടികളാണ് പദ്ധതിയില്‍ അംഗമായിരിക്കുന്നത്.ഇവരുടെ പേരിലുള്ള ആദ്യ ഗഡു സര്‍ക്കാര്‍ അടക്കുകയും ചെയ്തിരുന്നു.എല്‍ ഐ സി പിന്‍മാറിയെങ്കിലും പദ്ധതിയില്‍ അംഗമായ മുഴുവന്‍ പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും പട്ടികജാതി വികസന വകുപ്പ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News