ഇപ്പോൾ തുടങ്ങിയാൽ ഇരുപത് വർഷത്തിൽ ആ സ്വപ്നം യാഥാർത്ഥ്യമാകും ; ഫേസ്ബുക് പോസ്റ്റുമായി നസീർ ഹുസൈൻ കിഴക്കേടത്ത്

സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് സെവിയയിലേക്കുള്ള യാത്രാനുഭവം പങ്കുവെച്ച് വ്ലോഗ്ഗർ നസീർ ഹുസൈൻ കിഴക്കേടത്ത് . സ്‌പെയിനിലെ കെ റെയിലും സിൽവർ ലൈനുമായ renfe യിൽ യാത്ര ചെയ്യുന്നു . മാഡ്രിഡിൽ നിന്ന് സെവിയയിലേക്ക് പോകാനുള്ള ദൂരം ഏകദേശം കാസർക്കോട് നിന്ന് തിരുവനന്തപുരം വരെയുള്ള ദൂരമാണ് . വെറും രണ്ടര മണിക്കൂർ കൊണ്ട് ഇവിടെ ഈ ദൂരം പിന്നിടാം . 1992 ലാണ് സ്പെയിൻ ഹൈ സ്പീഡ് ട്രെയിനുകൾ തുടങ്ങിയത് , നമ്മൾ ഇപ്പോൾ തുടങ്ങിയാൽ അടുത്ത ഇരുപത് വർഷത്തിൽ എങ്കിലും കാസർക്കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും രണ്ടര മണിക്കൂറിൽ എത്താൻ കഴിയും , പക്ഷെ ഇപ്പോൾ തന്നെ തുടങ്ങണം എന്നാണ് നസീർ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്ന വിവരം .

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ….

ഞങ്ങൾ ഇപ്പോൾ ,സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് സെവിയയിലേക്ക് സ്‌പെയിനിലെ കെ റെയിലും സിൽവർ ലൈനുമായ renfe യിൽ യാത്ര ചെയ്യുന്നു. കാസർക്കോട് നിന്ന് തിരുവനന്തപുരം വരെയുള്ള ഈ ദൂരം പോകാൻ വേണ്ടത് വെറും രണ്ടര മണിക്കൂർ …
സ്പെയിൻ യൂറോപിയൻ യൂണിയനിൽ നിന്ന് കടമെടുത്തും മറ്റുമാണ് ഈ സംവിധാനം വർഷങ്ങൾക്ക് മുൻപ് നിർമിച്ചത്, ഇന്ന് സ്പെയിനിലെ ടൂറിസ ഗതാഗത രംഗത്ത് ഹൈ സ്പീഡ് ട്രെയിനുകൾ കൊണ്ടുവന്ന നേട്ടങ്ങൾ അവർ പണ്ട് മുതൽ മുടക്കിയതിന്റെ പതിന്മടങ്ങാണു. ഇത്തരം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്പെയിൻ ഹൈ സ്പീഡ് റെയിൽ വികസനത്തിന് ഈയടുത്ത് കൂടി 1 ബില്യൺ യൂറോ കടം എടുത്തിരുന്നു .
ഹൈവേ വികസിപ്പിച്ച് കഴിഞ്ഞുപോരെ ഹൈ സ്പീഡ് ട്രെയിൻ എന്നാണ് നമ്മളിൽ ചിലരുടെ വാദം , പക്ഷെ ചില സിനിമകളിൽ നായകനെ ആക്രമിക്കാൻ വില്ലന്മാർ ഓരോരുത്തരായി വരുന്ന പോലെയല്ല വികസനത്തിന്റെ കാര്യം , ഹൈ സ്പീഡ് ട്രെയിനും ഹൈവേ വികസനവും ഒരുമിച്ച് ചെയ്‌താൽ കുഴപ്പം ഒന്നുമുണ്ടാകില്ല . മാത്രമല്ല ഹൈ സ്പീഡ് ട്രെയിനികളിൽ ആളുകൾ യാത്ര ചെയ്യാൻ തുടങ്ങുമ്പോൾ അത്രയും കാറുകളും ബസുകളും നമ്മുടെ നിരത്തിൽ നിന്നപ്രത്യക്ഷമാകും , അതുവഴി ഹൈവേ വഴിയുള്ള ഗതാഗതത്തിന്റെ സ്പീഡും വർധിക്കും. ഏല്ലാ ഗതാഗത മാർഗങ്ങളും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത് ..
കേരളത്തിലെ അതിവേഗ ഗതാഗതമാർഗങ്ങളെ എതിർക്കുന്നവരും , നമ്മുടെ യുവാക്കൾ രാജ്യം വിടുന്നു എന്ന് പരിതപിക്കുന്നവരും ഒരേ ആളുകളാണ് എന്നതാണ് ഇതിലെ കൗതുകകരമായ മറ്റൊരു കാര്യം .
ഖലീൽ ജിബ്രാൻ പറഞ്ഞ പോലെ “നമ്മുടെ അറിവും അനുഭവങ്ങളും വച്ച്
നമുക്ക്‌ നമ്മുടെ ഭാവി തലമുറയുടെ ആത്മാക്കളെ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌. (For their souls dwell in the house of tomorrow, which you cannot visit, not even in your dreams)”
അതുകൊണ്ട് നമ്മുടെ കുട്ടികൾക്ക് വേണ്ടിയെങ്കിലും നമ്മുടെ രാഷ്ട്രീയ പാരിസ്ഥിതിക മുരട്ടു വാദങ്ങൾ മാറ്റിവച്ച് കൂടുതൽ പ്രായോഗികമായ നിലപാടുകൾ എടുക്കാൻ നമ്മൾ തയ്യാറാകണം. അല്ലെങ്കിൽ അത് കേരളത്തിലെ യുവാക്കളൊടും വരും തലമുറയോടും ചെയ്യുന്ന ക്രൂരതയായിരിക്കും.

1992 ലാണ് സ്പെയിൻ ഹൈ സ്പീഡ് ട്രെയിനുകൾ തുടങ്ങിയത് , നമ്മൾ ഇപ്പോൾ തുടങ്ങിയാൽ അടുത്ത ഇരുപത് വർഷത്തിൽ എങ്കിലും കാസർക്കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും രണ്ടര മണിക്കൂറിൽ എത്താൻ കഴിയും , പക്ഷെ ഇപ്പോൾ തന്നെ തുടങ്ങണം …

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News