മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകള്‍; ഹെർപീസ് രോഗ ബാധയെന്ന് സംശയം

മൂന്നാറില്‍ കാട്ടാനകള്‍ക്കിടയില്‍ രോഗബാധ. 10 ദിവസത്തിനിടെ മൂന്നു കുട്ടിയാനകള്‍ ചരിഞ്ഞു. മരണകാരണം ഹെര്‍പിസ്‌ രോഗബാധയെന്നാണ്‌ സംശയിക്കുന്നത്‌. ദേവികുളം ഫോറസ്‌റ്റ്‌ ഡിവിഷന്‌ കീഴിലുള്ള മാട്ടുപ്പെട്ടി വനമേഖലയിലെ ആനകളിലാണ്‌ രോഗബാധ സംശയിക്കുന്നത്‌. കുട്ടിയാനകളില്‍ കാണപ്പെടുന്ന വൈറസ്‌ രോഗമാണ്‌ ഹെര്‍പീസ്‌. സംഭവത്തില്‍ വനംവകുപ്പ്‌ വിശദമായ പരിശോധന ആരംഭിച്ചു.

ദേവികുളം ഫോറസ്‌റ്റ്‌ ഡിവിഷന്‌ കീഴില്‍ വരുന്ന മാട്ടുപ്പെട്ടി കുണ്ടള മേഖലയിലാണ്‌ ആനക്കുട്ടികള്‍ തുടര്‍ച്ചയായി ചരിഞ്ഞത്‌. 10 ദിവസത്തിനിടെ കാട്ടാന കൂട്ടത്തിലുണ്ടായിരുന്ന മൂന്ന്‌ കുട്ടിയാനകള്‍ ചത്തു. ആദ്യം പുതുക്കടി മേഖലയിലും പിന്നീട്‌ കുണ്ടളയ്‌ക്ക്‌ സമീപവും രണ്ടു വയസില്‍ താഴെയുള്ള കാട്ടാനാകളുടെ ജഡം കണ്ടെത്തി.

കുട്ടിയാനകളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഹെര്‍പിസ്‌ രോഗബാധയാണ്‌ ഇവയുടെ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. വൈറസ്‌ രോഗബാധയായ ഹെര്‍പിസിന്റെ മരണനിരക്ക്‌ 80 ശതമാനത്തിനും മുകളിലാണ്‌. കൂടുതല്‍ ആനകളിലേക്ക്‌ രോഗം പകരാനുള്ള സാധ്യത വിരളമെന്നാണ്‌ വനംവകുപ്പ്‌ വ്യക്തമാക്കുന്നത്‌. വിശദമായ പരിശോധാനാഫലം വന്നാല്‍ മാത്രമേ ചരിഞ്ഞ ആനക്കുട്ടികള്‍ക്കെല്ലാം രോഗം ബാധിച്ചിരുന്നോ എന്ന്‌ സ്ഥിരീകരിക്കാനാകൂ.

ത്വക്കിലും ശ്വസനവ്യവസ്ഥയെയുമാണ്‌ ഹെര്‍പിസ്‌ വൈറസ്‌ ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക്‌ നിറത്തിലുള്ള ചെറുമുഴകള്‍ വളരുന്നതാണ്‌ രോഗലക്ഷണം. ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിക്കാന്‍ ശേഷിയുള്ള രോഗബാധ. 1990 ല്‍ ആഫ്രിക്കന്‍ ആനകളിലാണ്‌ ആദ്യം രോഗം കണ്ടെത്തിയതെങ്കിലും പിന്നീട്‌ ഏഷ്യന്‍ ആനകളിലും ഇത്‌ സ്ഥിരീകരിച്ചിരുന്നു. ആനകളുടെ വംശവര്‍ധനവിന്‌ വലിയ വിഘാതം സൃഷ്ടിച്ച രോഗബാധയെ വനംവകുപ്പും ഗൗരവത്തിലാണ്‌ സമീപിക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News