തണുത്ത് വിറച്ച് ഉത്തരേന്ത്യ; താപനില 5 ഡിഗ്രിയിലേക്ക് താഴ്ന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു.  കുറഞ്ഞ താപനില 5 ഡിഗ്രിയിലേക്ക് താഴ്ന്നു. കാഴ്ച പരിധി 50 കിലോമീറ്ററായി കുറഞ്ഞത് റോഡ് – റെയിൽ വ്യോമഗതാഗതത്തെ ബാധിച്ചു.

അതേസമയം, ദില്ലിയിൽ 6 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപനില. പുലർച്ചെയുള്ള വിമാന സർവീസുകൾ വൈകിയതോടെ ദില്ലിയിൽ നിരവധി യാത്രക്കാർക്ക് കണക്ഷൻ ഫ്ളൈറ്റിൽ കയറാനായില്ല.  ജമ്മു കശ്മീരിലെ പഹൽഗാമിൽ താപനില മൈനസ് ആറ് ഡിഗ്രിയിലെത്തി. ദാൽ തടാകം തണുത്തുറഞ്ഞതിനാൽ ശ്രീനഗറിൽ കുടിവെള്ള വിതരണം മുടങ്ങി.

കടുത്തശൈത്യം തുടരുന്ന ബിഹാറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ സ്കൂളുകളെല്ലാം അടച്ചിടാൻ നിർദേശമുണ്ട്. വരും ദിവസങ്ങളിൽ ദില്ലി, ഹിമാചൽ പ്രദേശ്, ബീഹാർ, ബംഗാൾ, സിക്കിം, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതായി കാലാവസ്ഥവകുപ്പ് അറിയിച്ചു. മൂടൽമഞ്ഞ് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനാപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ അതീവജാഗ്രത വേണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here