രാജ്യസഭയില്‍ വഴി തെറ്റി കയറിയതല്ല, വിശദീകരണവുമായി കെ.സുധാകരന്‍

പാര്‍ലമെന്‍റില്‍ ലോക്സഭയില്‍ കയറുന്നതിന് പകരം കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ രാജ്യസഭയില്‍ പോയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വിശദീകരണവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ കൂടിയായ സുധാകരന്‍ രംഗത്തെത്തിയത്.

രാജ്യസഭയില്‍ കയറിയത് വഴി തെറ്റിയല്ല. ബോധപൂര്‍വ്വം രാജ്യസഭയില്‍ കയറിയതാണ്. കേന്ദ്ര മന്ത്രി വി.മുരളീധരനെ കാണാനാണ് രാജ്യസഭയില്‍ കയറിയത്. ഇതാണ് സഭ മാറിക്കയറിയ വിവാദത്തില്‍ കണ്ണൂര്‍ എം.പിയായ കെ.സുധാകരന്‍റെ വിശദീകരണം. ഇതേകുറിച്ച് നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും കെ.സുധാകരന്‍ ആരോപിച്ചു. തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പാര്‍ടിയെ അറിയിക്കും. അത് മാധ്യമങ്ങളോട് പങ്കുവെക്കേണ്ട കാര്യമില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. തന്നെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടോ എന്നറിയില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുണ ഖാര്‍ഗെയെ കണ്ടതിനെ കുറിച്ച് അറിയില്ലെന്നും സുധാകരന്‍ വിശദീകരിച്ചു.

എന്തായിരുന്നു സഭ മാറിക്കയറിയ വിവാദം?

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. പാര്‍ലമെന്‍റിന്‍റെ പ്രധാന കവാടത്തിന് വലതുവശത്ത് ലോക്സഭയും ഇടത് വശത്ത് രാജ്യസഭയുമാണ്. നേരെ പോയാല്‍ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളുമാണ്. ലോക്സഭയിലേക്ക് പോകേണ്ട എം.പിമാര്‍ പ്രധാന കവാടത്തില്‍ നിന്ന് വലത്തോട്ടും രാജ്യസഭയിലേക്ക് പോകേണ്ട എം.പിമാര്‍ ഇടത്തോട്ടും നടക്കണം. സുധാകരന്‍ വലത്തോട്ട് നടക്കുന്നതിന് പകരം ഇടത്തോട്ട് നടന്ന് രാജ്യസഭയില്‍ കയറി.

സഭ മാറിയെത്തിയ എം.പിയാണെന്ന് സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞില്ല. രാജ്യസഭക്കുള്ളിലെത്തി സീറ്റ് അന്വേഷിക്കുന്നതിനിടയില്‍ കണ്ടത് സ്വന്തം പാര്‍ടിയിലെ രാജ്യസഭാ എം.പിയായ ജെബി മേത്തറെ. അപ്പോഴാണ് അക്കിടി പറ്റിയത് സുധാകരന് മനസ്സിലാകുന്നത്. രാജ്യസഭയില്‍ നിന്ന് ഇറങ്ങിയ സുധാകരന്‍ പിന്നീട് ലോക്സഭ ലക്ഷ്യം വെച്ച് നടന്നു.

ഇത് അത്ര വലിയ സംഭവമാണോ?

വലിയ സംഭവമാണ്. ഒരു സഭയിലെ അംഗം മറ്റൊരു സഭയില്‍ കയറി ഇരിക്കുന്നത് ഭരണഘടന ലംഘനമാണ്. ഏതെങ്കിലും വ്യക്തിയെയോ, മന്ത്രിമാരെയോ കാണണമെങ്കില്‍ സഭക്ക് പുറത്തുള്ള ലോബിയില്‍ വെച്ച് കാണാം. എന്നുവെച്ചാല്‍ സഭ നടക്കുമ്പോള്‍ നേരെ സഭക്കുള്ളിലേക്ക് കയറിച്ചെന്ന് കാണാന്‍ പറ്റില്ലെന്നാണ് നിയമം.

ലോക്സഭയിലെ അംഗത്തിന് ലോക്സഭയിലും രാജ്യസഭയിലെ അംഗത്തിന് രാജ്യസഭയിലും മാത്രമെ കയറി ഇരിക്കാനാകു. മന്ത്രിമാര്‍ക്ക് ഈ നിബന്ധന ബാധകമല്ല. രാജ്യസഭയിലെയും ലോക്സഭയിലെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കാനും മന്ത്രിമാര്‍ക്ക് പോകേണ്ടിവരും. അതല്ലാതെ സഭ മാറിക്കയിയാല്‍ ഭരണഘടന പ്രകാരം  അത് തെറ്റാണ്. അതിന് ശിക്ഷയും ഉണ്ട്. 500 രൂപ പിഴ.

സത്യപ്രതിജ്ഞ ചെയ്യാതെ ഒരു അംഗം രാജ്യസഭയിലോ, ലോക്സഭയിലെ കയറിയിരുന്നാല്‍ ഭരണഘടനയുടെ 104 -ാം അനുഛേദം അനുസരിച്ച് 500 രൂപ പിഴ നല്‍കണം.

രാജ്യസഭയില്‍ പോയത് വി. മുരളീധരനെ കാണാന്‍?

വിചിത്രമായ വിശദീകരണമാണ് രാജ്യസഭയില്‍ കയറിയതിന് കെ.സുധാകരന്‍ നല്‍കിയത്. കേന്ദ്ര മന്ത്രി വി.മുരളീധരനെ കാണാന്‍ പോയി എന്നാണ് സുധാകരന്‍ പറയുന്നത്. സുധാകരന്‍റെ രാഷ്ട്രീയപ്പോക്ക് ആകെ സംശയത്തിലാണ്. അതിനിടയില്‍ വി.മുരളീധരനെ കാണാന്‍ പോയി എന്നുകൂടി പറഞ്ഞത് ആകെ ആശയകുഴപ്പമാണ് കോണ്‍ഗ്രസുകാര്‍ക്ക് ഇടയില്‍ തന്നെ ഉണ്ടാക്കുന്നത്. കെ.സുധാകരന്‍റെ നേതൃത്വം അംഗീകരിക്കാനാകില്ല എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ ഹൈക്കമാന്‍റിനെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അതേ നിലപാടുമായി ഹൈക്കമാന്‍റിനെ കണ്ടതായാണ് വിവരം. അതിനിടയില്‍ സുധാകരനെന്തിന് വി.മുരളീധരനെ കാണണം. ഇനി അതും അബദ്ധത്തിൽ പറഞ്ഞതാണോ എന്നത് സുധാകരന്‍ തന്നെയാണ് വിശദീകരിക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News