ആന്ധ്രയിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ആരംഭിച്ചു. തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് ഇപ്പോൾ സേവനം ലഭിച്ചു തുടങ്ങിയത്. ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് കഴിഞ്ഞ ദിവസമാണ് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ ലോഞ്ച് ചെയ്തത്.
ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റിലൂടെയും വിപ്ലവകരമായ എആർ-വിആർ ഉപകരണമായ ജിയോ ഗ്ലാസിലൂടെയും ആരോഗ്യ സംരക്ഷണ മേഖലയിലെ 5 ജിയുടെ ആഴത്തിലുള്ള നേട്ടങ്ങൾ ജിയോ പ്രദർശിപ്പിച്ചതായി കമ്പനി പ്രസ്താവനയിൽ പരാമർശിച്ചു. മാത്രമല്ല ജിയോ 5 ജി സേവനങ്ങൾ ആന്ധ്രയിലെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്നും ജിയോ വക്താവ് ചൂണ്ടിക്കാട്ടി. അടുത്ത വർഷം അവസാനത്തോടെ ജിയോ 5 ജി സേവനങ്ങൾ സംസ്ഥാനത്തുടനീളം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള 26,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ, ആന്ധ്രാപ്രദേശിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത് ഇത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, 2023 ഡിസംബറോടെ ജിയോ ട്രൂ 5 ജി സേവനങ്ങൾ എല്ലായിടത്തും ലഭ്യമാകും. ആന്ധ്രാപ്രദേശിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും മണ്ഡലങ്ങളിലും ഗ്രാമങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബർ 20 മുതൽ കേരളത്തിലും ട്രൂ 5ജി നെറ്റ്‌വർക്കിന് തുടക്കം കുറിച്ചിരുന്നു. ഇതോടെ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും 5ജി സേവനങ്ങൾ ലഭിക്കും. നിലവിൽ കൊച്ചിയിലെയും ഗുരുവായൂരിലെയും ജിയോ ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാകും. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, മുംബൈ, കൊൽക്കത്ത, വാരാണസി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവയുൾപ്പെടെ 12 നഗരങ്ങളിൽ ഇതിനകം ജിയോ ട്രൂ 5 ജി സേവനം ആരംഭിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.