കരിപ്പൂരിൽ കരുതലോടെ പൊലീസ്; സ്വർണ്ണം കടത്തിയവരും തട്ടിയെടുക്കാൻ എത്തിയവരും അറസ്റ്റിൽ

കരിപ്പൂര്‍ വിമാനത്താവളത്തിൽ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ. കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ യുവതിയും ഇവരുടെ അറിവോടെ സ്വർണ്ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും വലയിലാക്കി പൊലീസ്.കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീനയേയും(30) സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24) കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ്(36) എന്നിവരെയുമാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്  കരിപ്പൂർ പൊലീസാണ്  മൂന്ന് പ്രതികളെയും വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്തത്.പ്രതികളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുബായില്‍നിന്ന് കൊണ്ടുവന്ന  146 ഗ്രാം സ്വര്‍ണ്ണമാണ്  കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് ഡീന കടത്തിയത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണം തട്ടിയെടുക്കാനാണ് മറ്റുള്ളവർ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. സ്വർണ്ണം കൈമാറേണ്ട ആളുകള്‍ക്ക് നൽകുന്നതിന് മുമ്പ് സ്വർണ്ണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.

നിയമവിരുദ്ധമായി കടത്തിയ സ്വർണ്ണവുമായി പുറത്തിറങ്ങിയ ഡീന സ്വർണ്ണം വാങ്ങാന്‍ എത്തിയവരെയും വെട്ടിച്ച് കവര്‍ച്ചാസംഘത്തിനൊപ്പം കാറില്‍ കയറി അതിവേഗം പുറത്തേക്ക് പോകുന്നതിടയിലായിരുന്നു പൊലീസ് സംഘത്തിൻ്റെ ഇടപെടൽ.വിമാനത്താവളത്തിന് പുറത്തേക്ക് പോയ  വാഹനത്തെ പിന്തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here