രാജ്യത്തിന് കാവലാവാൻ കൊതിച്ചു; വിധി എത്തിച്ചത് ഐ പി എല്ലിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ ടീമുകൾ  താരങ്ങളെ വലയിലാക്കാൻ 167 കോടിയോളം രൂപയാണ്  ചെലവഴിച്ചത്. ആരംഭിച്ചു 15  വർഷങ്ങൾക്കിപ്പുറം  ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ലീഗായി ഐ പി എൽ മാറിക്കഴിഞ്ഞു. ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും മത്സരങ്ങളുടെ നടത്തിപ്പിലും എല്ലാം ഐ പി എൽ മുൻപന്തിയിലാണ്. ഐ പി എൽ വേദിയിൽ കളിക്കാനിറങ്ങുക എന്നത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ്.  ആ സ്വപ്നം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ജമ്മു കാശ്മീരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ  മകൻ അവിനാഷ് സിംഗ്.

ജമ്മു ആൻഡ് കാശ്മീർ ബൗളർ  അവിനാഷ് സിംഗ് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് കടന്നിട്ട്  10 മാസം മാത്രമേ ആയിട്ടുള്ളു. ഒരിക്കലും ഒരു പ്രൊഫഷണൽ ക്രിക്കറ്ററാകാൻ അവിനാശിന് ആഗ്രഹം ഉണ്ടായിരുന്നില്ല. യൗവനം തൊട്ടേ  അവിനാഷ്  ഒരു ഇന്ത്യൻ ആർമി ഓഫീസറാകുന്നത് സ്വപ്നം കണ്ടു കൊണ്ടേയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ആർമി ഫിസിക്കൽ ടെസ്റ്റിൽ അവിനാഷ് പരാജയപ്പെട്ടു.

അവിനാഷ് ക്രിക്കറ്റിലേക്ക് തിരിഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറായ അവിനാഷിന്റെ അച്ഛൻ  മകന്റെ ക്രിക്കറ്റ് കളിയിൽ തീരെ തൃപ്തനായിരുന്നില്ല.  ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയിട്ടായാലും  മകന്റെ നല്ല ഭാവിക്കായി അവനെ കാനഡയിലേക്ക് അയക്കാൻ ആ പിതാവ് ആഗ്രഹിച്ചു.

വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം അവിനാഷിനു തന്റെ ക്രിക്കറ്റ് പരിശീലനം  പലപ്പോഴും  വഴിമുട്ടി. അപ്പോളാണ്  മുൻ ജെ & കെ ക്രിക്കറ്റ് താരം മായങ്ക് ഗോസ്വാമി അവിനാഷിന്റെ ജീവിതത്തിലേക്ക് പുതു വെളിച്ചം പകർന്നത്. അവിനാഷിനു ഒരു വർഷത്തെ സമയം നൽകാൻ മായങ്ക്  അവിനാഷിന്റെ  പിതാവിനോട് ആവശ്യപ്പെട്ടു. അവിനാഷ് പരിശീലനം തുടർന്നു.

പിന്നെയും വിധി വേട്ടയാടി. ഐ പി എൽ ലേലത്തിന്റെ അൺക്യാപ്പ്ഡ് കളിക്കാരുടെ പട്ടികയിൽ അവിനാഷിന്റെ പേര് വരാതിരുന്നപ്പോൾ ക്രിക്കറ്റ് ഉപേക്ഷിച്ച് കാനഡയിലേക്ക് പോകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിതാവ് ആവശ്യപ്പെട്ടു.

തന്റെ ക്രിക്കറ്റ് സ്വപ്‌നം, ആർമി സ്വപ്നം പോലെ തന്നെ കൈവിട്ടു പോയി എന്ന് കരുതിയിടത്താണ്  ഹ്യൂ എഡ്‌മീഡ്‌സ് അവിനാഷിന്റെ പേര് ലേലത്തിൽ നിർദ്ദേശിക്കുന്നത് . പിന്നെ കഥ  മാറി, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തിന് വേണ്ടി കൊമ്പു കോർത്തു.  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  60 ലക്ഷം രൂപയ്ക്ക്  ലേലം ഉറപ്പിച്ച്  പേസറെ ടീമിൽ ഉൾപ്പെടുത്തി.

ഐ‌പി‌എൽ നിരവധി ജീവിതങ്ങളെ മാറ്റിമറിക്കുകയും നിരവധി യുവാക്കൾക്ക് അവസരവും നൽകിയ വേദിയാണ്. ജീവിതത്തിലെ വിഷമ സന്ധികളിൽ തളരാതെ പോരാടിയാൽ എന്തും സാധ്യമാകുന്നു എന്നതിന് തെളിവാണ് അവിനാഷിന്റെ കഥ. ലോകം ഉറ്റു നോക്കുന്ന ക്രിക്കറ്റ് വേദിയിൽ  അവിനാഷിന് തന്റെ സ്വപ്‌നങ്ങൾ വെട്ടിപ്പിടിക്കാൻ കഴിയട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here