രാഹുല്‍ ഗാന്ധി ശ്രീരാമനാണത്രേ, പറഞ്ഞത് സല്‍മാന്‍ ഖുര്‍ഷിദ്

ഉത്തരേന്ത്യയിലെ കൊടുംതണുപ്പിനെ വകവെക്കാതെ ഒരു ടീഷര്‍ട്ട് മാത്രം ധരിച്ചാണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. വെളുത്ത ഒരു ടീഷര്‍ട്ട് ധരിച്ച് രാജ്ഘട്ടില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയ ചിത്രങ്ങളൊക്കെ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുകയാണ്. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ സ്മൃതി മണ്ഡപത്തിലും തണുപ്പിനെ വകവെക്കാതെ രാഹുല്‍ എത്തി. ഇതേ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്‍റെ വിവാദ മറുപടി.

രാഹുല്‍ ഗാന്ധി അമാനുഷികനാണെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രതികരണം. രാഹുല്‍ ഗാന്ധി ശ്രീരാമനെ പോലെയാണ്. കോണ്‍ഗ്രസ് പാര്‍ടി ഭാരതവും, ഭാരത് ജോഡോ യാത്ര രാമായണവുമാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രസ്താവന.

കടുത്ത തണുപ്പില്‍ എല്ലാവരും വിറക്കുമ്പോള്‍ അതൊന്നും വകവെക്കാതെ ഒരു യോഗിയെ പോലെ രാഹുല്‍ നടക്കുകയാണ്. ലക്ഷ്യത്തിന് വേണ്ടിയുള്ള തപസ്യയാണ് അതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച സല്‍മാന്‍ ഖുര്‍ഷിദിനെതിരെ ബിജെപി രംഗത്തെത്തി. സല്‍മാന്‍ ഖുര്‍ഷിദിന്‍റേത് ഞെട്ടിക്കുന്ന പ്രസ്താവന എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞ ഒരു തമാശയുടെ ക്ഷീണത്തില്‍ നിന്ന് ഇതുവരെ കോണ്‍ഗ്രസ് തലയുയര്‍ത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സല്‍മാന്‍ ഖുർഷിദിന്റെ പ്രതികരണത്തോട് വളരെ കരുതലോടെ മൗനം മാത്രമാണ് കോണ്‍ഗ്രസിന്‍റെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here