തമിഴ്നാട്ടിൽ എൻഡിഎയെ നയിക്കാൻ എഐഎഡിഎംകെ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ദേശീയ ജനാധിപത്യ സഖ്യത്തിനെ എഐഎഡിഎംകെ നയിക്കും. തെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ കൂടിയ യോഗത്തിന് ശേഷമാണ് ഇക്കാര്യം എൻഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെ വ്യക്തമാക്കിയത്.

പാർട്ടിയുടെ താൽക്കാലിക ജനറൽ സെക്രട്ടറിയും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് ഇത് സംബന്ധിച്ച് ജില്ലാ സെക്രട്ടറിമാരുടെ യോഗം ചേർന്നു. പാർട്ടിയിൽ നേതൃതർക്കം ആരംഭിച്ചതിന് ശേഷം എഐഎഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ യോഗമായിരുന്നു ഇത്.

2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ തയ്യാറെടുപ്പുകൾ യോഗത്തിൽ ചർച്ച ചെയ്തതായി എഐഎഡിഎംകെ വക്താവ് ഡി ജയകുമാർ പറഞ്ഞു. സീറ്റ് വിഭജനം ചർച്ച ചെയ്യാൻ ഇത് ശരിയായ സമയമല്ല. എന്നാൽ എഐഎഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും സഖ്യം എന്നതിൽ സംശയമില്ല. നിലവിൽ സഖ്യത്തിലുള്ള പാർട്ടികളുമായിട്ടായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ പാർട്ടി തന്നെ തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ ജനങ്ങളെ അടിച്ചമർത്തുകയാണെന്നും ഭരണകക്ഷിയായ ഡിഎംകെയ്ക്ക് വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ജനങ്ങളിൽ നിന്ന് തക്ക മറുപടി ലഭിക്കുമെന്നും ജയകുമാർ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും വന്നാൽ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here