ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാതെ സിദ്ദിഖ് കാപ്പന്‍

സുപ്രീംകോടതിയില്‍ നിന്നും അലഹാബാദ് ഹൈക്കോടതിയിലും നിന്നും എല്ലാ കേസുകളിലും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. എന്നാല്‍ കാപ്പന്‍റെ ജയില്‍ മോചനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഹാഥ്റസ് കേസില്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 9ന് ജാമ്യം നല്‍കിയെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ ജയില്‍ മോചനം വൈകി. അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് ഡിസംബര്‍ 23നാണ് ഇ.ഡി കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടിയത്.

ജാമ്യത്തുക ഉള്‍പ്പടെയുള്ള ഉപാധികള്‍ വിചാരണ കോടതിയോട് തീരുമാനിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ക്രിസ്തുമസ്-പുതുവര്‍ഷ അവധിക്ക് ഇ.ഡി പ്രത്യേക കോടതി അടച്ചിരിക്കുകയാണ്. ജനുവരി 2ന് മാത്രമേ കോടതി തുറക്കുകയുള്ളൂ. അതിന് ശേഷം സിദ്ദിഖ് കാപ്പന് നല്‍കിയ ജാമ്യത്തിന് എന്തൊക്കെ ഉപാധി വെക്കണം എന്നത് വിചാരണ കോടതി തീരുമാനിക്കും. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ തന്നെ ജാമ്യം നില്‍ക്കാന്‍ ഉത്തര്‍പ്രദേശ് സ്വദേശികളില്‍ ആരെങ്കിലും വേണം എന്ന വെല്ലുവിളി കൂടി കാപ്പന് മുന്നിലുണ്ട്.

സെപ്റ്റംബര്‍ മാസത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് യു.എ.പി.എ കേസില്‍ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലായിരുന്നു കാപ്പന് ജാമ്യം കിട്ടിയത്. ജാമ്യം നില്‍ക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയായിരുന്നു കാപ്പന്‍റെ അഭിഭാഷകര്‍ നേരിട്ടത്. ഒരു മാസത്തിലധികം അനിശ്ചിതത്വം തുടര്‍ന്നു. ഒടുവില്‍ ചില സന്നദ്ധ പ്രവര്‍ത്തകര്‍ ജാമ്യം നില്‍ക്കാന്‍ തയ്യാറായി രംഗത്തെത്തി. പക്ഷെ, ആ കേസിലെ ജാമ്യ നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.

ഇപ്പോള്‍ അതേ പ്രതിസന്ധിയാണ് ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കാപ്പന്‍ നേരിടുന്നത്. പ്രദേശവാസികളായ രണ്ടുപേരുടെ ആള്‍ ജാമ്യം കാപ്പന് വേണ്ടി വരും. തീവ്രവാദ ബന്ധം ആരോപിക്കുന്ന കേസായതുകൊണ്ടും ഉത്തര്‍പ്രദേശിലെ പ്രത്യേക സാഹചര്യം കൊണ്ടും ധൈര്യത്തോടെ ജാമ്യം നില്‍ക്കാന്‍ ആരും തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഹാഥ്റസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയതാണെന്ന് ആരോപിച്ച് യു.പി പൊലീസ് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനാണെന്നായിരുന്നു യു.പി പൊലീസും കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയില്‍ വാദിച്ചത്.

മാത്രമല്ല, രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി പണം സമാഹരിച്ചുവെന്നും അതില്‍ സിദ്ദിഖ് കാപ്പന് പങ്കുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പന്‍റെ ജാമ്യത്തിനെതിരെ യു.പി. പൊലീസും ഇ.ഡിയുമൊക്കെ നിരത്തിയ ഈ വാദങ്ങള്‍ സുപ്രീംകോടതിയും അലഹാബാദ് ഹൈക്കോടതിയും തള്ളി.

സിദ്ദിഖ് കാപ്പനെതിരെ കോടികളുടെ ആരോപണം ഉന്നയിച്ച അന്വേഷണ ഏജന്‍സികള്‍ക്ക് 5000 രൂപയ്ക്ക് മുകളില്‍ ഏതെങ്കിലും ഇടപാടുകള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി പറഞ്ഞത്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടെങ്കിലും കാപ്പനെതിരെ പിടിമുറുക്കാന്‍ തന്നെയാണ് യു.പി പൊലീസിന്‍റെ തീരുമാനം. അതുകൊണ്ട് തന്നെ ജാമ്യം നല്‍കുമ്പോള്‍ കടുത്ത ഉപാധികള്‍ വേണമെന്ന് ഇ.ഡിക്കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ആ കടമ്പകളെല്ലാം പിന്നിട്ട്, ജാമ്യത്തിനുള്ള ആളുകളെ ഉറപ്പാക്കി വരുമ്പോഴേക്കും കാപ്പന്‍റെ ജയില്‍ മോചനം ഇനിയും വൈകും.

2020 ഒക്ടോബര്‍ മാസത്തിലാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ടുവര്‍ഷവും രണ്ട് മാസവും കാപ്പന്‍ മധുര, ലഖ്‌നൗ ജയിലുകളിലായി കഴിയുകയാണ്. ഇടയ്ക്ക് രോഗാവസ്ഥയില്‍ കഴിയുന്ന ഉമ്മയെ കാണാന്‍ കാപ്പന് കുറച്ചുദിവസത്തേക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെ യു.പി പൊലീസിന്‍റെയും കേന്ദ്ര പൊലീസിന്‍റെയും വലയത്തിലായിരുന്നു അന്ന് കാപ്പന്‍ നാട്ടിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News