പുതിയ സൈനിക ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍

2023ലെ പുതിയ സൈനിക ലക്ഷ്യങ്ങള്‍ വിശദമാക്കി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 8-ാമത് കേന്ദ്രകമ്മിറ്റിയുടെ വിപുലീകൃത പ്ലീനറി യോഗത്തിന്റെ രണ്ടാം ദിവസമായിരുന്നു പുതിയ സൈനിക ലക്ഷ്യങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം കിം ജോങ് ഉന്‍ നടത്തിയത്.

കൊറിയന്‍ ഉപദ്വീപിലും വിശാലമായ രാഷ്ട്രീയ ഭൂപ്രകൃതിയിലും പുതിയതായി രൂപപ്പെട്ട വെല്ലുവിളി നിറഞ്ഞ സാഹചര്യം അവലോകനം ചെയ്തായിരുന്നു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം എന്നാണ് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒറ്റപ്പെട്ട രാജ്യം സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നത് 2023ലും തുടരും എന്ന് തന്നെയാണ് കിം നല്‍കുന്ന സൂചനയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആ ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഈ വര്‍ഷം ഉണ്ടായ പോരായ്മകള്‍ പ്ലീനറി യോഗത്തില്‍ കിം ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പോരായ്മകള്‍ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച് കിം ജോങ് ഉന്‍ ഈ മേഖലകളില്‍ അടുത്തവര്‍ഷം ഏറ്റെടുക്കേണ്ട പ്രധാന ചുമതലകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു.

പ്ലീനറി യോഗത്തിലെ പ്രധാന അജണ്ട സാമ്പത്തിക രംഗത്തെ മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര ഉപരോധങ്ങളുടെയും കൊവിഡ് ലോക്ഡൗണ്‍ നടപ്പിലാക്കിയതിലെ വീഴ്ചകളുടെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ വലിയ വെല്ലുവിളികള്‍ കിം നേരിടുന്ന സാഹചര്യത്തിലാണ് സാമ്പത്തിക രംഗത്തെ മുന്‍നിര്‍ത്തിയുള്ള അജണ്ടയ്ക്ക് പ്ലീനറി യോഗം പ്രാധാന്യം നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News