ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ കുറയുന്നതായി വിശകലനം

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചട്ടം 193 പ്രകാരമുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. PRS ലെജിസ്ലേറ്റീവ് റിസര്‍ച്ചാണ് ഇത്തരമൊരു വിശകലനം നടത്തിയിരിക്കുന്നത്. രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നര വര്‍ഷ കാലയളവില്‍ റൂള്‍ 193 പ്രകാരം 6 ഹ്രസ്വചര്‍ച്ചകള്‍ക്ക് മാത്രമാണ് ഇതുവരെ അനുമതി നല്‍കിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് സമാപിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്‌സഭയില്‍ ചട്ടം 193 പ്രകാരം 3 ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

ഇന്ത്യയിലെ കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിലായിരുന്നു രണ്ടുചര്‍ച്ചകള്‍. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു ശേഷിച്ച ചര്‍ച്ച. 2014-19 കാലയളവില്‍ മോദിസര്‍ക്കാര്‍ ചട്ടം 193 പ്രകാരമുള്ള 33 ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയിരുന്നു. നേരത്തെ 2004 മുതല്‍ 2009 വരെയുള്ള ആദ്യ യു.പി.എ കാലയളവില്‍ 55 ചര്‍ച്ചകള്‍ക്കും 2009 മുതല്‍ 2014വരെയുള്ള രണ്ടാം യു.പി.എ കാലയളവില്‍ 41 ചര്‍ച്ചകള്‍ക്കും അനുമതി നല്‍കിയിരുന്നു. 1999-2004 വാജ്‌പേയ് ഭരണകാലത്ത് 59 ഹൃസ്വചര്‍ച്ചകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

ചട്ടം 193 പ്രകാരം ഔപചാരിക പ്രമേയം അവതരിപ്പിക്കാതെ തന്നെ സഭയില്‍ ചര്‍ച്ചകള്‍ അനുവദിക്കും. അതിനാല്‍ തന്നെ ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പ് അനുവദിക്കാറില്ല. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ ചട്ടം 193 പ്രകാരമുള്ള ഹ്രസ്വചര്‍ച്ചകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് PRS ലജിസ്ലേറ്റീവ് റിസര്‍ച്ച് വിശകലനത്തില്‍ വ്യക്തമാകുന്നത്.

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ചട്ടം 267 പ്രകാരമുള്ള ചര്‍ച്ചകള്‍ക്ക് രാജ്യസഭയില്‍ അനുമതി നിഷേധിക്കുന്നതായും പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. ചട്ടം 267 പ്രകാരം പ്രധാനപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയാല്‍, ആ ദിവസത്തെ മറ്റുനടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നതാണ് രീതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News