രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ച; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി വേണുഗോപാല്‍

ഭാരത് ജോഡോ യാത്രക്കിടെ ഒന്നില്‍ കൂടുതല്‍ തവണ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ്. സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. യാത്ര ദില്ലിയില്‍ എത്തിയപ്പോള്‍ പലതവണ സുരക്ഷാ വീഴ്ചയുണ്ടായതായി കത്തില്‍ പറയുന്നു. Z പ്‌ളസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്ക് സുരക്ഷ നല്‍കുന്നതില്‍ ദില്ലി പൊലീസ് പരാജയപ്പെടുകയാണ്. രാഹുല്‍ ഗാന്ധി പലയിടത്തും തിക്കിലും തിരക്കിലും പെട്ടു. ദില്ലി പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും കത്തില്‍ വേണുഗോപാല്‍ ആരോപിക്കുന്നു.

രാഷ്ട്രീയം നോക്കി കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തരുത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ നിരവധി പ്രമുഖരാണ് താല്പര്യം പ്രകടിപ്പിച്ച് എത്തുന്നത്. എന്നാല്‍ ദില്ലി പൊലീസ് അവരെ തടയുകയും ഭയപ്പെടുത്തുകയുമാണ്. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസിന്റെ രണ്ട് പ്രധാനമന്ത്രിമാരാണ് ജീവന്‍ നല്‍കിയത്. ചത്തീസ്ഗഢില്‍ 2013ലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും കൊല്ലപ്പെട്ടു. അതൊക്കെ മുന്നില്‍ കണ്ട് വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ കരുതല്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിക്കണം. പഞ്ചാബിലേക്കും ജമ്മുകശ്മീരിലേക്കും ഭാരത് ജോഡോ യാത്ര നീങ്ങുന്ന സാഹചര്യത്തില്‍ Z പ്‌ളസ് സുരക്ഷ രാഹുല്‍ ഗാന്ധിക്ക് ഉറപ്പുവരുത്തണമെന്നും അമിത്ഷാക്ക് നല്‍കിയ കത്തില്‍ കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here