പുതുവര്‍ഷത്തെ വരവേല്‍ക്കാം ആരോഗ്യത്തോടെ; 2022ല്‍ ഗൂഗിളില്‍ തിരഞ്ഞ ആയുര്‍വേദ ഔഷധങ്ങള്‍ ഇവ

കൊവിഡ് മഹാമാരിക്ക് ശേഷം ജനങ്ങള്‍ ആശങ്കയോടെ ജീവിച്ച വര്‍ഷമായിരുന്നു കടന്നു പോയത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കൊവിഡിന് ശേഷം വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും തകൃതിയായി നടന്നിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് ഭീതി അകന്നിട്ടില്ല. ശാസ്ത്രത്തിന്റെ എല്ലാ പരീക്ഷണ-നിരീക്ഷണങ്ങളുടെയും ഫലമായി രൂപപ്പെടുത്തിയ മരുന്നുകളും വാക്സിനുകളും ആളുകള്‍ ആശങ്കയോടെ പരീക്ഷിച്ചിട്ടുണ്ട്. മറ്റു ചിലരാകട്ടെ യാതൊരു ശാസത്രീയ അടിത്തറയുമില്ലാത്ത രീതികള്‍ ഉപോയഗിച്ച് അപകടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

2022ല്‍ കൊവിഡ് രോഗബാധയുടെ ബാക്കിപത്രമായി ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടവര്‍ നിരവധിയാണ്. രോഗശമനത്തിനായി അലോപ്പതിയേക്കാള്‍ കൂടുതലായി ആയുര്‍വേദ മരുന്നുകള്‍ ആളുകള്‍ ഉപയോഗിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നുള്ള ധാരണയാണ് ആയുര്‍വേദത്തിലേക്ക് ആളുകളെ അടുപ്പിച്ചത്. വീട്ടിലിരുന്നുകൊണ്ട് ഇത്തരം ആയുര്‍വേദ ഔഷധങ്ങളെ പരീക്ഷിക്കാന്‍ ആളുകള്‍ ഉപയോഗിച്ചത് സാമൂഹ്യമാധ്യമങ്ങളെയും ഇന്റര്‍നെറ്റിലെ സേര്‍ച്ച് എഞ്ചിനുകളെയുമാണ്.

ലോകം പുതുവര്‍ഷാഘോഷത്തിലേക്ക് നടന്നടുക്കുമ്പോള്‍ 2022ല്‍ ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആയുര്‍വേദ ഔഷധങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഈ വര്‍ഷത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആയുര്‍വേദ ഔഷധം അടുക്കളയിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്ന കറുവപ്പട്ടയാണ്. വിവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കറുവപ്പട്ട ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു പേര് ഈ സുഗന്ധവ്യഞ്ജനത്തിന് വന്നുചേര്‍ന്നത്.

അതുപോലെതന്നെ വൈദ്യചികിത്സയില്‍ കൂടുതലായി ഉപയോഗിക്കുന്ന മഞ്ഞളും ആര്യവേപ്പും നിരവധിയാളുകളാണ് ഗൂഗിളില്‍ തിരഞ്ഞത്. നാട്ടിന്‍പുറത്ത് സാധാരണയായി കാണപ്പെടുന്ന ഔഷധങ്ങളാണ് ഇവ രണ്ടും. ആശുപത്രിയും മറ്റു ആരോഗ്യ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത്് വീടുകളില്‍ രോഗശമനത്തിനായി ഏറ്റവും കൂടുതലായി ഉപയോഗിച്ചത് ഇവ രണ്ടുമാണ്. വര്‍ത്തമാനകാലത്ത് നടത്തിയ പഠനങ്ങളിലൂടെ മഞ്ഞള്‍ സത്ത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുമെന്ന നിഗമനത്തില്‍ ആരോഗ്യരംഗം എത്തിയിട്ടുണ്ട്. വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയുടെ ഉറവിടമായ പെരുംജീരകവും വീട്ടുമുറ്റങ്ങളെ മനോഹരമാക്കിയ തുളസിയും ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആയുര്‍വേദ ഔഷധങ്ങളിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News