സിബിഐ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡനക്കേസില്‍ അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് ആര് അന്വേഷിക്കുന്നതിലും തനിക്ക് പരാതി ഇല്ലായിരുന്നു. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള ആറു പേര്‍ക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണത്തില്‍ തെളിവില്ല എന്ന റിപ്പോര്‍ട്ട് ഇന്ന് സിബിഐ തിരുവനന്തപരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ രണ്ട് അന്വേഷണങ്ങളിലും പരാതിക്കാരിയുടെ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് കണ്ടത്തിയതെന്നാണ് താന്‍ മനസ്സിലാക്കിയത്. പരാതിക്കാരിയില്‍ നിന്നും വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണ് എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, സോളാര്‍ പീഡന പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം എല്ലാ പ്രതികള്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരി പറഞ്ഞു. സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്കും എ പി. അബ്ദുള്ളക്കുട്ടിക്കും എതിരായ പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.

ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഇത് വസ്തുതകളില്ലാത്ത പരാതിയാണെന്നാണ് സിബിഐ കണ്ടെത്തിയത്. പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചു എന്ന മറ്റൊരു ആരോപണത്തിലും തെളിവില്ലെന്നാണ് സിബിഐ കണ്ടെത്തല്‍.

കേസില്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും പരാതിയില്ലെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതോടെ എല്ലാ കേസിലെയും പ്രതികളെയും കുറ്റമുക്തരാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് സിബിഐ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here