ജനുവരിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരും; കേന്ദ്രം

ചൈന ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി.എഫ് 7 വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രാജ്യത്ത് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ അമിതമായി ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കൊവിഡ് പാനല്‍ സെക്രട്ടറി എന്‍.കെ അറോറ എന്‍.ഡി.ടി. വി ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചൈനയിലെ കൊവിഡ് കേസുകളില്‍ 15 ശതമാനത്തോളം ബി.എഫ് 7 വകഭേദം മൂലം റിപ്പോര്‍ട്ട് ചെയ്തവയാണ്. 50 ശതമാനത്തോളം ബി.എന്‍.ക്യൂ സീരീസ് വകഭേദത്തില്‍ നിന്നാണ്. പത്തു ശതമാനം മുതല്‍ പതിനഞ്ചു ശതമാനത്തോളം കേസുകള്‍ എസ്. വി. വി വകഭേദത്തില്‍ നിന്നാണ്. നിലവില്‍ ഇന്ത്യ അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്‌സിനുകളിലൂടെയും ഒന്നും രണ്ടും മൂന്നും കൊവിഡ് തരംഗങ്ങളില്‍ നിന്നുള്ള തുടര്‍ച്ചയായ അണുബാധയിലൂടെയുമൊക്കെ ഇവിടെയുള്ളവര്‍ പ്രതിരോധശേഷി നേടിയെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ 97 ശതമാനത്തോളം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. നിലവില്‍ ഇന്ത്യയില്‍ സ്വീകരിക്കുന്നത് മുന്‍കരുതല്‍ നടപടികളാണെന്നും അറോറ കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു യാത്രക്കാരുടെ റാന്‍ഡം ടെസ്റ്റുകള്‍ നടത്തി കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. നിലവില്‍ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.14 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ബുധനാഴ്ച 188 പുതിയ കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,46,77,647 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ കൊവിഡുമായി ബന്ധപ്പെട്ട മരണസംഖ്യ 5,30,696 ആണ്. ഇന്ത്യയില്‍ ജനുവരിയില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചേക്കുമെന്ന് കേന്ദ്രം ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. അതിനാൽ തന്നെ മുന്‍കരുതല്‍ നടപടികളില്‍ ജാഗ്രത പുലര്‍ത്തണം എന്നും അറോറ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News