അതിശൈത്യത്തില്‍ വിറച്ച് യുഎസ്;62 മരണം;ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ

അതിശൈത്യത്തില്‍ വിറങ്ങലിച്ച് അമേരിക്ക. ഹിമക്കെടുതികളില്‍ ഇതുവരെ 62 മരണം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ കഴിഞ്ഞദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം 28 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തിയ 1977ല്‍ ന്യൂയോര്‍ക്കില്‍ 25 പേരായിരുന്നു മരിച്ചത്. ന്യൂയോര്‍ക്കിലെ ബാഫലോ മേഖലയെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ ആയിരങ്ങളാണ് കഷ്ടപ്പെടുന്നത്. ബാഫലോ മേഖലയില്‍മാത്രം ഇരുപതിനായിരം പേര്‍ക്ക് ദിവസങ്ങളായി വൈദ്യുതി ലഭിക്കുന്നില്ല. ഫ്ളോറിഡ, ജോര്‍ജിയ, ടെക്‌സസ്, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ റെയില്‍, റോഡ്, വ്യോമ ഗതാഗതം പൂര്‍ണമായും താളം തെറ്റി. ഒറ്റദിനം മാത്രം 4900 വിമാനങ്ങള്‍ റദ്ദാക്കി. 4400 വിമാനം വൈകി. യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ത്തന്നെ തങ്ങേണ്ട സ്ഥിതിയാണ്. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലയിടത്തും എത്തിച്ചേരാനാകുന്നില്ല.

മഞ്ഞുമൂടിക്കിടക്കുന്ന വാഹനങ്ങളുടെ അകത്തുനിന്നാണ് പല മൃതദേഹങ്ങളും ലഭിച്ചത്. ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡുകളില്‍ കുടുങ്ങി. ശീതക്കാറ്റ്മൂലം ക്രിസ്തുമസ് അവധിക്കാലത്ത് പലര്‍ക്കും വീടുകളില്‍ എത്താനായില്ല. വൈദ്യുതി വിതരണം താളം തെറ്റിയതോടെ വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക മോഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായ ബാഫലോയില്‍ മോഷണശ്രമം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്തതായി ബഫലോ പൊലീസ് അറിയിച്ചു. റോഡ് ഗതാഗതം ശരിയാകാത്തതിനാല്‍ പലയിടത്തും പൊലീസിന് എത്താനാകുന്നില്ല.

കഴിഞ്ഞ ദിവസം അമേരിക്കയിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കിടയില്‍ വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു. തിങ്കള്‍ വൈകിട്ട് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോണ്‍ തടാകത്തിലായിരുന്നു സംഭവം. ആന്ധ്ര സ്വദേശികളായ നാരായണ മുദ്ദന (49), ഭാര്യ ഹരിത മുദ്ദന, കുടുംബ സുഹൃത്ത് ഗോകുല്‍ മെഡിസെറ്റി (47) എന്നിവരാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel