
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഭിഭാഷകന്റെ വെളിപ്പെടുത്തലിനെച്ചൊല്ലി യുഡിഎഫിലും മുസ്ലിംലീഗിലും ഭിന്നത മുറുകുന്നു. യു.ഡി.എഫ് ഏകോപന സമിതി യോഗത്തില്‍ നിന്നും കെ.സുധാകരന്‍ വിട്ടുനില്‍ക്കുന്നത് ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണെന്നാണ് സൂചന. പുതിയ വെളിപ്പെടുത്തല്‍ മുസ്ലിം ലീഗിലും തര്‍ക്കമായി മാറിയിട്ടുണ്ട്. നേരത്തെ സി.പി.ഐ.എമ്മിനോടുള്ള മൃദുസമീപനം ആരോപിച്ച് കുഞ്ഞാലിക്കുട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ വിഭാഗം തന്നെയാണ് ഈ വിഷയവും ഏറ്റെടുത്തിരിക്കുന്നത്.
കുഞ്ഞാലികുട്ടിക്കെതിരെ ഏറെ നാളുകളായി ശക്തമായ അണിയറ നീക്കം നടത്തുന്ന കെ എം ഷാജിയാണ് അഭിഭാഷകനെ മുന്‍നിര്‍ത്തിയുള്ള നീക്കത്തിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നത്. കെ സുധാകരനും കണ്ണൂരില്‍ നിന്നുള്ള ഒരു വിഭാഗം ലീഗ് നേതാക്കളുമാണ് ഷാജിയെ പിന്തുണയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു.
നേരത്തെ സിപിഐഎമ്മിനോട് കുഞ്ഞാലിക്കുട്ടി മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപം കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഉന്നയിച്ചിരുന്നു. സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ മറുപടി പറയാനോ ഇടപെടാനോ ഇല്ലായെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെയും എതിര്‍ചേരി രംഗത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഈ നിലപാടിനെ തള്ളിപറഞ്ഞ് കെപിഎ മജീദ്, കെഎം ഷാജി, പികെ ഫിറോസ് എന്നിവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെ മുന്‍നിലപാടില്‍ നിന്ന് പിന്നാക്കം പോകാന്‍ കുഞ്ഞാലിക്കുട്ടിയും നിര്‍ബന്ധിതനായിരുന്നു. ‘ലീഗില്‍ രണ്ടഭിപ്രായമില്ല, ഒറ്റക്കെട്ടാണ്. സിപിഐഎമ്മിനോട് മൃദുസമീപനമില്ല. പ്രതിഷേധം കടുപ്പിക്കും. വിഷയാധിഷ്ഠിതമാണ് തന്റെ പ്രതികരണങ്ങളെ’ന്നുമാണ് കുഞ്ഞാലിക്കുട്ടി പിന്നീട് തിരുത്തി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ സിപിഐഎം അനുകൂല സമീപനത്തിനെതിരായി കോണ്‍ഗ്രസ്സും അതൃപ്തി പറഞ്ഞിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ കെപിസിസി പ്രസിഡന്റ് പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതില്‍ ലീഗില്‍ ഒരു വിഭാഗത്തിന് അസംതൃപ്തിയുണ്ട്. ഈ അതൃപ്തി മനസ്സിലാക്കിയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് നടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. അനാരോഗ്യമാണ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സുധാകരന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാരണം.
കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നത തുടരുന്നതിനിടയില്‍ അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ നേരിട്ട് ഇടപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.. സിപിഐഎം അനുകൂല നിലപാടില്‍ വ്യക്തത വരുത്താനാണ് സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ എറണാകുളത്ത് യുഡിഎഫ് യോഗം ചേരുന്ന സാഹചര്യത്തിലായിരുന്നു സാദിഖലി തങ്ങളുടെ ഇടപെടല്‍. യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയരാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് അത്തരം വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയാണ് ലീഗ് നേതൃത്വത്തിന്റെ ലക്ഷ്യം. ലീഗ് നേതൃത്വം നിലപാട് കടുപ്പിച്ചതോടെ മുന്‍ നിലപാടില്‍ മാറ്റം വരുത്തി കുഞ്ഞാലിക്കുട്ടി രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here