സുധാകരനെതിരെ കുഞ്ഞാലിക്കുട്ടി; UDF ഏകോപന സമിതി യോഗത്തില്‍ പൊട്ടിത്തെറി

യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, ലീഗിനെതിര നടത്തിയ വിവാദ പ്രസ്താവനയില്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിട്ടുനിന്നിരുന്നു. ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് രണ്ടുപേര്‍ മാത്രമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തില്ല.

മുന്നണിക്കുള്ളിലെ വാക്പോരും കോണ്‍ഗ്രസിനകത്തെ തമ്മിലടിയും രൂക്ഷമായ ഘട്ടത്തില്‍ നില്‍ക്കവേയായിരുന്നു കൊച്ചിയില്‍ യുഡിഎഫ് നേതൃയോഗം ചേര്‍ന്നത്. ലീഗിനെതിരെ കെപിസിസി അധ്യക്ഷന്റെ വിവാദ പരാമര്‍ശം തുടക്കത്തിലെ തന്നെ ചര്‍ച്ചയായിരുന്നു. പി. കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് മുന്‍പാകെ പരാതിയും നല്‍കി. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തില്‍ ലീഗ്, നേതൃത്വത്തിന്റെ ഇടപെടലും തേടി. കെ.സുധാകരന്റെ അസാനിധ്യത്താല്‍ കൂടിയായിരുന്നു ലീഗ് പരാതി ഉയര്‍ത്തിയത്. എന്നാല്‍ പ്രശ്നം തണുപ്പിക്കാനായി വെള്ള പൂശുന്ന രീതിയിലായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ പ്രതികരണം.

ആന്റണിയുടെ മൃദു ഹിന്ദുത്വ സമീപനത്തിലാകട്ടെ യുഡിഎഫ് നിലപാട് വ്യക്തമാക്കുകയും ചെയ്തില്ല. മുന്നണി യോഗത്തിന്റെ തീയതി തീരുമാനിക്കുന്നതിലടക്കം ഏകോപനമില്ലെന്ന പ്രതിഷേധമായിരുന്നു രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം സൂചിപ്പിച്ചത്. മുന്നണിയില്‍ വേണ്ടത്ര കൂടിയാലോചനകളും അതിനനുസരിച്ച തീരുമാനങ്ങളുമില്ലെന്ന പരാതി ഉന്നയിച്ച് തുടര്‍ച്ചയായ രണ്ടാം തവണയാണ് രമേശ് ചെന്നിത്തല യോഗത്തില്‍ നിന്ന് വിട്ടു നില്‍കുന്നത്.

എന്നാല്‍ കാരണം പുറത്ത് പറയാതിരിക്കുക എന്നതാണ് മുന്നണി നേതൃത്വവും രമേശ് ചെന്നിത്തലയും നിലവില്‍ സ്വീകരിച്ച നിലപാട്. ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തില്ല. ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് കെ മുരളീധരനും ബെന്നി ബഹന്നാനും മാത്രമായിരുന്നു യോഗത്തില്‍ ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News