സ്വകാര്യ ആശുപത്രിയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്തു

സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ മൃതദേഹം സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. എറണാകുളം പേഴയ്ക്കാപ്പള്ളിയിലെ സബൈന്‍ ആശുപത്രിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിക്ക് നേരെ ആക്രമണം നടന്നിരുന്നു.

കഴിഞ്ഞ 21നാണ് പുന്നോപ്പടി സ്വദേശിനിയായ യുവതിയുടെ പൂര്‍ണ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശു മരിച്ചത്. ആശുപത്രിയില്‍ പരിചരണത്തിലായിരുന്ന യുവതി, കുട്ടിയുടെ ചലനത്തില്‍ അപാകത തോന്നിയതോടെ ആശുപത്രിയിലെത്തിയെങ്കിലും യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന് പരാതി ഉയര്‍ന്നു.

കുട്ടിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനും ഇടയാക്കി. ബന്ധുക്കള്‍ ആരോഗ്യവകുപ്പ് മന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജൂമാമസ്ജിദ് ഖബറിസ്ഥാനില്‍ സംസ്‌കരിച്ചിരുന്ന മൃതദേഹം ഉയര്‍ന്ന റവന്യു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. പിന്നീട് തുടര്‍ നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here