അദാനിയുടെ ബിസിനസ്സ് സാമ്രാജ്യത്തിന് വളമിട്ടത് രാജീവ് ഗാന്ധി, വെള്ളം കോരിയത് നരസിംഹറാവുവും മന്‍മോഹന്‍സിംഗും

രാജ്യത്ത് ഉദാരവത്കരണ നയങ്ങള്‍ ആരംഭിച്ച 1990ന്റെ ആദ്യകാലങ്ങള്‍, തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന് തുടക്കം കുറിക്കുന്നതിന് ഏതുനിലയില്‍ സഹായകമായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗതം അദാനി. ഉദാരവത്കരണ നയങ്ങള്‍ ആവിഷ്‌കരിക്കപ്പെടുന്നതിന് മുമ്പായി തന്നെ 1984-89 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ തീരുമാനങ്ങള്‍ തന്റെ സംരഭകത്വ യാത്രയ്ക്ക് സഹായകമായി എന്നാണ് ഗൗതം അദാനി ഓര്‍മ്മിച്ചെടുക്കുന്നത്.

ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് ഭരണം അദാനി സാമ്രാജ്യത്തിന്റെ വളര്‍ച്ചയുടെ ബീജവാപം ചെയ്തത് അദാനി അനുസ്മരിച്ചത്. ഇന്നത്തെ നിലയിലേക്കുള്ള ബിസിനസ്സ് വളര്‍ച്ചയ്ക്ക് സഹായിച്ചതിന് ഉദാരവത്കരണ നയങ്ങള്‍ ആവിഷ്‌കരിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനോടും ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനോടും അഭിമുഖത്തില്‍ ഗൗതം അദാനി നന്ദി പറയുന്നുണ്ട്. അദാനി സാമ്രാജ്യത്തിന്റെ വളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തുന്ന ചോദ്യത്തിന് മറുപടി എന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ രണ്ട് മുന്‍ പ്രധാനമന്ത്രിമാരും ഒരു ധനകാര്യ മന്ത്രിയും തന്റെ വളര്‍ച്ചയെ എങ്ങനെ സഹായിച്ചുവെന്ന് അദാനി വ്യക്തമാക്കിയിരിക്കുന്നത്.

രാജീവ് ഗാന്ധി ഏതുനിലയിലാണ് തന്റെ സംരഭങ്ങള്‍ക്ക് സഹായകമായ നയസമീപനം സ്വീകരിച്ചതെന്ന് അദാനി വിശദമാക്കുന്നുണ്ട്. രാജീവ് ഗാന്ധി ആദ്യമായി കയറ്റുമതിയും ഇറക്കുമതിയും ഉദാരവത്കരിച്ചപ്പോള്‍ പല ഇനങ്ങളും പൊതുപട്ടികയില്‍ ഇടം പിടിച്ചു. ഇത് കയറ്റുമതി കമ്പനി തുടങ്ങാന്‍ സഹായകമായി. രാജീവ് ഗാന്ധി ഇല്ലാതിരുന്നെങ്കില്‍ തന്റെ സംഭരകത്വ യാത്ര ആരംഭിക്കില്ലായിരുന്നവെന്ന് അഭിമുഖത്തില്‍ അദാനി അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.

നരംസിംഹറാവുവിന്റെ കാലം എങ്ങനെ സഹായകമായെന്നും അദാനി വിശദമായി സൂചിപ്പിക്കുന്നുണ്ട്. 1991ല്‍ പ്രധാമന്ത്രിയായിരുന്ന നരസിംഹറാവുവും ധകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും മുന്‍കൈ എടുത്ത് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് തന്റെ സംരഭകത്വത്തിന് രണ്ടാമത്തെ വലിയ കൈത്താങ്ങായതെന്നാണ് അദാനി അനുസ്മരിക്കുന്നത്. മറ്റ പല സംരഭകരെയും പോലെ താനും ഈ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഭോക്താവായതായും അദാനി അഭിമുഖത്തില്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസ് അദാനിയുടെ ബിസിനസ്സ് വളര്‍ച്ചയെ നരേന്ദ്രമോദിയുമായി ചേര്‍ത്തുവച്ച് തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് അദാനിയുടെ ഈ പ്രതികരണം എന്നതാണ് ശ്രദ്ധേയം. നേരത്തെ രാഹുല്‍ ഗാന്ധി, മോദി സര്‍ക്കാരിനെ ‘അദാനി-അംബാനി’ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡിസംബര്‍ 24ന് റെഡ് ഫോര്‍ട്ടില്‍ നടത്തിയ പ്രസംഗത്തിലുമായിരുന്നു രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ‘പ്രധാമന്ത്രി മറ്റാരുടെയോ നിയന്ത്രണത്തിലാ’ണെന്ന് പറഞ്ഞ രാഹുല്‍ ‘ഇത് നരേന്ദ്രമോദി സര്‍ക്കാരല്ല, ഇത് അംബാനി-അദാനി സര്‍ക്കാരാണെ’ന്ന പരിഹാസവും ചെരിഞ്ഞിരുന്നു.

മോദിയും താനും ഗുജറാത്തില്‍ നിന്നുള്ളവരായതിനാലാണ് ഇത്തരം ആക്ഷേപങ്ങളിലൂടെ എളുപ്പത്തില്‍ ലക്ഷ്യം വയ്ക്കപ്പെടുന്നതെന്നും അദാനി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. തന്റെ യാത്രയില്‍ നിര്‍ണ്ണായക പങ്കുള്ളത് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും അക്കാലത്ത് ഗുജറാത്ത് ഭരിച്ചിരുന്ന കേശുഭായ് പട്ടേലിനുമാണെന്നും അദാനി അഭിമുഖത്തില്‍ തിര്‍ത്തുപറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here