ഇഷ്ടക്കാരനെ നിയമിക്കാൻ ഭീഷണിയുമായി ഉണ്ണിത്താൻ എം പി

കാസർകോഡ് ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരിയെ പിരിച്ച് വിട്ട് താൻ നിർദേശിക്കുന്നയാളെ നിയമിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ ഭീഷണി. എംപി ലാഡ്‌ പദ്ധതികളുടെ ഓഫീസിൽ കയറി ഭീഷണി മുഴക്കിയ ഉണ്ണിത്താൻ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ഓഫീസിൽ പ്രവർത്തിക്കുന്ന എം പി ലാഡ് പദ്ധതി വിഭാഗത്തിലെത്തിയാണ് ജീവനക്കാരിയെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഭീഷണി മുഴക്കിയത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച ജീവനക്കാരിയെയും ജില്ലാ പ്ലാനിംഗ് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയും ചെയ്തു. ജീവനക്കാരിയെ മാറ്റി താൻ പറയുന്ന ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് ഉണ്ണിത്താൻ കത്ത് നൽകിയിട്ടുണ്ട്. ഈ കത്തിന്റെ പകർപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയ ഉണ്ണിത്താൻ രണ്ട് ദിവസത്തിനകം താൻ ഒരാളുമായി എത്തുമെന്നും അവരെ നിയമിക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. എം പി ക്കൊപ്പമുണ്ടായിരുന്നവർ ജീവനക്കാരിയെ പുറത്താക്കിയ ശേഷം എം പി ലാഡ് ഓഫീസ് താഴിട്ടു പൂട്ടുകയും ചെയ്തു.

ജീവനക്കാരിയെ പിരിച്ച് വിട്ട് തന്റെ ഇഷ്ടക്കാരനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി ഉണ്ണിത്താൻ സമ്മർദ്ധം ചെലുത്തുന്നുണ്ട്. എന്നാൽ ഓഫീസിന്റെ പരിധിയിൽപ്പെടാത്ത കാര്യമായതിനാൽ പ്ലാനിംഗ് ഓഫീസ് ഇടപെട്ടില്ല. ജൂൺ 28 നാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കൂടിക്കാഴ്ച നടത്തി ഒരു വർഷ കാലാവധിയിൽ ജീവനക്കാരിയെ നിയമിച്ചത്. ഓഫീസിലെ ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ജീവനക്കാരിയാണ്. എം പി ലാഡ് ഓഫീസിലെ നടത്തിപ്പ് ചുമതലയും നിയമനാധികാരവും ജില്ലാ കലക്ടർക്കാണെന്നാണ് സർവ്വീസ് ചട്ടം. എംപി ലാഡ്‌ ഫണ്ട്‌ പദ്ധതികളുടെ പുരോഗതിയും ഏകോപനവുമാണ്‌ ഓഫീസിന്റെ ചുമതല. ജില്ലാ പരിധിയിൽ മറ്റ് എം പിമാരുണ്ടെങ്കിൽ അവർക്കും ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന രാജ്യസഭാ എംപിമാർക്കുമെല്ലാം ഒരേ പോലെ അധികാരമുള്ള ഓഫീസാണിത്.

എം പി ഫണ്ടിൽ നിന്ന് ജില്ലാ കലക്ടർമാർക്ക് ലഭിക്കുന്ന രണ്ട് ശതമാനം വിഹിതത്തിൽ നിന്നാണ് ഓഫീസ്‌ ചെലവും ജീവനക്കാരിയുടെ ശമ്പളവുമെല്ലാം നൽകുന്നത്‌. ഇതിൽ എംപിക്ക്‌ വിവേചനാധികാരമില്ലെന്ന് സർവീസ്‌ ചട്ടത്തിൽ വ്യക്തമായി പറയുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയായിരിക്കേയാണ് എം പി ലാഡ് ഓഫീസിൽ രാഷ്ട്രീയ നിയമനം ആവശ്യപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here