വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് രാജ്യം

ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൊവിഡ് ജാഗ്രത ശക്തമാക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് നാളെ മുതല്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതേസമയം ചൈനയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ചൈനയില്‍ പ്രതിദിന മരണനിരക്ക് അയ്യായിരത്തിന് മുകളില്‍ എന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. ചൈനയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്കയുണ്ടെന്നും കൃത്യമായ കണക്കുകള്‍ ചൈന ഉടന്‍ തന്നെ പുറത്തുവിടണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം കൊവിഡ് വ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 2 ശതമാനം അന്താരാഷ്ട്ര യാത്രികരെയാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്. കൂടുതല്‍ യാത്രികരെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ മുതല്‍ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്ലന്‍ഡ്, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

യാത്രികര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ പരിശോധന ഫലം അപ്‌ലോഡ് ചെയ്യണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യണം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിലുള്ളത്. ജനുവരി പകുതിയോടെ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചേക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അടുത്ത 40 ദിവസം നിര്‍ണായകമാണ്. മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here