ഡി ആര്‍ അനില്‍ സ്ഥാനം രാജി വച്ചു; മന്ത്രി തല ചര്‍ച്ചയിലാണ് തീരുമാനം

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനില്‍ സ്ഥാനം രാജി വച്ചു. സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയിലാണ് രാജി. അതേസമയം നഗരസഭയില്‍ നിന്ന് അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

കരാര്‍ നിയമനത്തിന് പാര്‍ട്ടിയില്‍ നിന്ന് ആളുകളെ ആവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് ഡി ആര്‍ അനിലിന്റേയും മേയറുടെയും ലെറ്റര്‍ പാഡിലുള്ള കത്തുകള്‍ പുറത്ത് വന്നത് വലിയ വിവാദങ്ങള്‍ക്കും തുടര്‍ന്ന് പ്രതിപക്ഷ സമരങ്ങള്‍ക്കും വഴി വച്ചിരുന്നു. കത്തെഴുതിയത് താന്‍ തന്നെയാണെന്ന് ഡി ആര്‍ അനില്‍ തന്നെ പരസ്യമായി സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിതല ചര്‍ച്ചയിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അനിലിനെ മാറ്റിനിര്‍ത്താന്‍ തീരുമാനമായത്. പിന്നാലെയാണ് ഡിആറിന്റെ രാജി. പാര്‍ട്ടി കയ്യൊഴിഞ്ഞിട്ടില്ലെന്നും, പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും ഡി ആര്‍ അനില്‍ പ്രതികരിച്ചു .

അതേസമയം മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തായ വ്യാജകത്തിലടക്കം ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. മേയറുടെ ഓഫീസിലേത് ഉള്‍പ്പെടെയുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. ഡി ആര്‍ അനിലിന്റെ മൊബൈല്‍ഫോണും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല . അതിനാല്‍ കേസ് ,അന്വേഷണ പരിധിയില്‍ വരില്ലെന്നാണ് വിജിലന്‍സിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News