പുതുവര്‍ഷത്തില്‍ ഇടുക്കിയെ നടുക്കി വാഹനാപകടം; വിദ്യാര്‍ഥി മരിച്ചു

പുതുവര്‍ഷത്തില്‍ ഇടുക്കിയെ നടുക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി മലപ്പുറത്ത് നിന്നെത്തിയ 40 അംഗ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കല്ലാര്‍കുട്ടി മൈലാടുംപാറ റൂട്ടില്‍ തിങ്കള്‍ക്കാട്ടില്‍ നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

പുലര്‍ച്ചെ ഒന്നേ കാലോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തിരൂര്‍ റീജ്യണല്‍ കോളേജില്‍ നിന്നും വിനോദ യാത്രയ്ക്കായെത്തിയ വിദ്യാര്‍ഥി സംഘം തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കല്ലാര്‍കുട്ടി മൈലാടുംപാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപം ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കുത്തിറക്കവും കൊടുംവളവുകളുമുള്ള പാതയില്‍ ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും അപകടത്തിന് കാരണമായെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. പ്രദേശത്തേക്കുള്ള രാത്രിയാത്രാ നിരോധനവും അവഗണിച്ചു.

അപകടത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന്, ഫയര്‍ ഫോഴ്‌സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രണ്ട് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പുലര്‍ച്ചെയോടെയാണ് മില്‍ ഹാജിന്റെ മൃതദേഹം കണ്ടെടുക്കാനായത്.

സാരമായി പരുക്കേറ്റവരെ കോട്ടയം, കോലഞ്ചേരി മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റി. ഇടുക്കി എസ്.പി വി യു കുര്യാക്കോസ്, ജില്ലാ കളക്ടര്‍ ഷിബ ജോര്‍ജ് എന്നിവര്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. അതേസമയം, എതിര്‍വശത്തേയ്ക്കായിരുന്നു ബസ് മറിഞ്ഞിരുന്നതെങ്കില്‍ ആയിരക്കണക്കിന് അടി താഴ്ച്ചയിലേയ്ക്ക് പതിച്ച് വലിയ ദുരന്തത്തിന് വഴിയൊരുക്കുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News