
ദിപിൻ മാനന്തവാടി
2022ന് കര്‍ട്ടന്‍ വീഴുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഉയരുന്ന ആ പതിവ് ചോദ്യം തന്നെയാണ് ആശങ്കയോടെ ആവര്‍ത്തിക്കപ്പെടുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള രാഷ്ട്രീയശേഷി രാജ്യത്തെ പ്രതിപക്ഷം എങ്ങനെ ആര്‍ജ്ജിക്കും? ഈ ചോദ്യത്തിന് ഉത്തരമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലാണ്. ഇതിനകം എട്ടുസംസ്ഥാനങ്ങള്‍ പിന്നിട്ട ഭാരത് ജോഡോ യാത്ര ഇനി കടന്ന് പോകേണ്ടത് നാലു സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 448 കിലോമീറ്റര്‍ മാത്രമാണ്. 3750 കിലോമീറ്റര്‍ ദൂരം നിശ്ചയിക്കപ്പെട്ട യാത്രയുടെ 85%ത്തിലേറെ ദൂരം നിലവില്‍ പിന്നിട്ടിരിക്കുകയാണ്.
രാജ്യത്തെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ നയങ്ങള്‍ക്കെതിരെ രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുക എന്ന ലക്ഷ്യം മുന്നോട്ടുവച്ചാണ് കോണ്‍ഗ്രസ് യാത്ര പ്രഖ്യാപിച്ചത്. 8 സംസ്ഥാനങ്ങള്‍ പിന്നിട്ട യാത്ര ഇതിനകം രാജ്യത്തെ രാഷ്ട്രീയ ഭൂമികയില്‍ എന്ത് പ്രതിഫലനമാണ് സൃഷ്ടിച്ചത് എന്ന ചോദ്യം അതിനാല്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നരേന്ദ്രമോദി ഭരണകൂടം ഹിന്ദുത്വയുടെ തീവ്ര-മൃദുവൈകാരികതകള്‍ വിപണനം ചെയ്താണ് രാജ്യത്ത് രാഷ്ട്രീയ അധികാരം നേടിയെടുത്തതും ഇപ്പോള്‍ നിലനിര്‍ത്തുന്നതും.
സമാനതകളില്ലാത്ത ജീവിതപ്രതിസന്ധികള്‍ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും നിത്യജീവിതത്തെ ദുരിതക്കയത്തിലേയ്ക്ക് തള്ളിവിട്ട ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വിതരണത്തിന്റെ തോത് പരിശോധിച്ചാല്‍ തന്നെ മോദി ഭരണകാലത്ത് രാജ്യത്ത് വേരാഴ്ത്തിയ അസമത്വത്തിന്റെ ആഴം വ്യക്തമാകും. കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മൊത്തം സ്വത്തിന്റെ 63.68% ശതമാനവും വെറും 10% ആളുകളുടെ കൈവശമാണ്.
രാജ്യത്തിന്റെ സ്വത്തിന്റെ 31.55% കൈകാര്യം ചെയ്യുന്നത് രാജ്യത്തെ ജനസംഖ്യയില്‍ വെറും 1%ത്തോളം വരുന്ന ശതകോടീശ്വരന്മാരാണ്. രാജ്യത്തെ സ്വത്തിന്റെ 6.12% മാത്രമാണ് രാജ്യത്തെ 50%ത്തോളം വരുന്ന ശരാശരിക്കാരന്റെ കൈവശമുള്ളത്. ഈ പട്ടികയിലൊന്നും ഇടം പിടിക്കാത്ത വലിയൊരു വിഭാഗം ജനത രാജ്യത്തുണ്ട്. അരനൂറ്റാണ്ട് മുമ്പ് രാജ്യത്തിന്റെ സ്വത്തിന്റെ 11.87% മാത്രമായിരുന്നു 1%ത്തോളം വരുന്ന അതിസമ്പന്നരുടെ കൈവശമുണ്ടായിരുന്നത്.
ആ കാലത്ത് 50%ത്തോളം വരുന്ന ശരാശരിക്കാരന്‍ രാജ്യത്തെ സ്വത്തിന്റെ 12.29% കൈവശം വച്ചിരുന്നു. 1990കള്‍ക്ക് ശേഷമാണ് അതിസമ്പന്നരായ 1% വരുന്ന ആളുകള്‍ രാജ്യത്തിന്റെ സമ്പത്ത് കൈവശപ്പെടുത്തുന്നതിന്റെ തോത് കുത്തനെ ഉയര്‍ന്നത്. ഇത്തരത്തില്‍ സാമ്പത്തിക അസമത്വത്തിന്റെ അന്തരം അനുദിനം വര്‍ദ്ധിക്കുന്ന സാമൂഹ്യസാഹചര്യം രാജ്യത്തെ ചെറിയൊരു വിഭാഗത്തെ അനുദിനം സമ്പന്നന്മാരാക്കുകയും വലിയൊരു വിഭാഗം വരുന്ന ജനതയെ ദരിദ്രനാരായണന്മാരാക്കുകയാണ്.
ബി.ജെ.പി ഭരണകൂടം ഉയര്‍ത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയില്‍ ഉയര്‍ത്തുന്ന രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുക എന്ന മുദ്രാവാക്യത്തിന് വര്‍ത്തമാനകാലത്ത് വലിയ പ്രാധാന്യവുമുണ്ട്. എന്നാല്‍ ബി.ജെ.പി ഭരണകൂടം രാജ്യത്ത് സൃഷ്ടിക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധിയുടെയും അസ്ഥിരതയുടെയും ആണിക്കല്ല് അവര്‍ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയസമീപമാണ്.
രാജ്യത്തെ ഭൂരിപക്ഷ മതത്തിന്റെ വക്താക്കളാണെന്ന് സ്വയം ചമഞ്ഞ് വിശ്വാസപരമായ വൈകാരികതകളെ കുത്തിയിളക്കിയാണ് നിലവില്‍ ബി.ജെ.പി അവരുടെ സാമ്പത്തികനയം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളെ മറികടന്ന് തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയഅധികാരം പിടിച്ചെടുക്കുന്നത്. മതത്തിന്റെയും ജാതിയുടെയും വിഭാഗീയ ചിന്തകള്‍ക്ക് ഉപരിയായ പ്രതിസന്ധികളിലൂടെ രാജ്യത്തെ വ്യത്യസ്ത തൊഴിലിലും ചെറുകിട-ഇടത്തരം കച്ചവടത്തിലും വ്യവസായത്തിലുമെല്ലാം ഏര്‍പ്പെട്ടിരിക്കുന്ന ജനത കടന്ന് പോകുകയാണ്. ഈയൊരു ഘട്ടത്തില്‍ ഉയര്‍ത്തേണ്ട ബദല്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ഭാരത് ജോഡോ യാത്രയ്ക്ക് സാധിച്ചോ എന്ന ചോദ്യം കോണ്‍ഗ്രസ് സ്വയം ചോദിക്കേണ്ടേതുണ്ട്.
ബി.ജെ.പി ഉയര്‍ത്തുന്ന വിഭാഗീയരാഷ്ട്രീയത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ദൗത്യമാണ് ഭാരത് ജോഡോ യാത്രയുടേത് എന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന് സംഘടനാപരമായി കുറച്ചെങ്കിലും ശേഷിയുള്ള കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കു നേര്‍ നില്‍ക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലകളാണ്. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകയും ഇതേ സ്വഭാവത്തിലാണ് ഇപ്പോള്‍ ചലിക്കുന്നത്. ഈ നിലയില്‍ പരിശോധിക്കുമ്പോള്‍ സംഘപരിവാറിന്റെ വിഭാഗീയ രാഷ്ട്രീയത്തിന് തീരെ വളക്കൂറില്ലാത്ത മണ്ണ് കേരളവും തമിഴ്നാടുമാണ്.
ഭാരത്ജോഡോ യാത്ര ഇതുവരെ സഞ്ചരിച്ച വഴികളും ഓരോ സംസ്ഥാനത്തും ചിലവഴിച്ച ദിവസങ്ങളും പരിശോധിക്കുമ്പോഴാണ് യാത്രയുടെ മുദ്രാവാക്യത്തോട് കോണ്‍ഗ്രസ് എത്രമാത്രം നീതിപുലര്‍ത്തിയെന്നത് വ്യക്തമാകുക. കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് തമിഴ്നാട്ടിലൂടെ 4 ദിവസം സഞ്ചരിച്ച ഭാരത് ജോഡോ യാത്ര താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിലൂടെ സഞ്ചരിച്ചത് 18 ദിവസമാണ്.
സംഘപരിവാര്‍ വലിയ നിലയില്‍ വിദ്വേഷരാഷ്ട്രീയം പടര്‍ത്താന്‍ ശ്രമിക്കുന്ന കര്‍ണ്ണാടകയിലൂടെ 15ദിവസത്തോളം സഞ്ചരിച്ചുവെന്നത് മാത്രമാണ് ഈ വിഷയത്തില്‍ ഗുണപരമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്ന ഏട്. കേരളത്തിലൂടെ സഞ്ചരിച്ചപ്പോള്‍ തികഞ്ഞ മതേതര വേഷഭൂഷാദികളോടെ സഞ്ചരിച്ച രാഹുല്‍ ഗാന്ധിയുടെ വേഷ-രൂപ പകര്‍ച്ചകള്‍ പ്രകടമാകാന്‍ തുടങ്ങിയത് കര്‍ണ്ണാടകയില്‍ പ്രവേശിച്ചതോടെയായിരുന്നു. പിന്നീട് ബി.ജെ.പിയുടെ ഹൃദയഭൂമിയില്‍ എത്തിയതോടെ ബി.ജെ.പി പയറ്റുന്ന വിശ്വാസപരമായ ചിഹ്നങ്ങളുടെ പൊതുപ്രദര്‍ശനം എന്ന മൃദുഹിന്ദുത്വ ലൈന്‍ രാഹുല്‍ ഗാന്ധിയുടെ വേഷ-രൂപ പകര്‍ച്ചകളില്‍ വളരെ പ്രത്യക്ഷമായി തന്നെ വ്യക്തമാകാന്‍ തുടങ്ങിയിരുന്നു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും വേണ്ടത്ര പ്രാധാന്യത്തോടെ ജാഥ സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ വലിയ സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ച ദിവസങ്ങളുടെ എണ്ണം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ അജണ്ട സെറ്റു ചെയ്യാനും സംഘടനയെ താഴെതട്ട് മുതല്‍ ചലനാത്മകമാക്കാനും ഭാരത്ജോഡോ യാത്ര ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ദിവസം കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല.
മൃദുഹിന്ദുത്വയുടെ നേര്‍ത്ത പുതപ്പെടുത്തണിഞ്ഞ് ബി.ജെ.പിയുടെ വിദ്വേഷരാഷ്ട്രീയത്തെ പ്രതിരോധിക്കും എന്ന സന്ദേശമാണ് ഹിന്ദിഹൃദയഭൂമിയിലൂടെ കടന്ന് പോയപ്പോള്‍ ഭാരത് ജോഡോ യാത്ര സമ്മാനിച്ചിരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ജീവിത ദുരിതത്തെ മറികടക്കുന്ന സാമ്പത്തിക ബദലിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ ആശയപരമായി ഒരുനിലപാടും യാത്രയില്‍ ഒരിടത്തും സ്വീകരിച്ചിട്ടില്ല.
നരേന്ദ്രമോദി ചിലരുടെ നിയന്ത്രണത്തിലാണ്, ഭരിക്കുന്നത് മോദി സര്‍ക്കാരല്ല, അംബാനി-അദാനി സര്‍ക്കാരാണ് തുടങ്ങിയ കോര്‍പ്പറേറ്റ് വാചാടോപങ്ങള്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചത് മറക്കുന്നില്ല. എന്നാല്‍ അദാനിയും അംബാനിയും ഇന്ത്യന്‍ ഭരണകൂടത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ശക്തികളായി അനുദിനം പടര്‍ന്ന് പന്തലിക്കുന്നതിന്റെ കാരണം എന്താണ് അതിനെ ചെറുക്കാനുള്ള ബദല്‍ നയസമീപനമെന്താണ് എന്ന് രാഹുല്‍ ഗാന്ധി പറയാന്‍ മറക്കുകയാണ്.
കോണ്‍ഗ്രസ് ആവിഷ്‌കരിച്ച നവസാമ്പത്തിക ഉദാരവത്കരണം നയം തന്നെയാണ് അതിലും തീവ്രതയോടെ ബി.ജെ.പി പിന്തുടരുന്നത്. രാഹുലിന് മറുപടിയെന്ന നിലയില്‍ അദാനി പറഞ്ഞതും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ബിസിനസ്സ സാമ്രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പൊക്കാന്‍ സാഹായകമായത് രാജീവ് ഗാന്ധിയുടെ കാലത്ത് കയറ്റുമതി-ഇറക്കുമതി നയങ്ങള്‍ ഉദാരവത്കരിച്ചതാണ് എന്നാണ് അദാനി ഓര്‍മ്മിപ്പിക്കുന്നത്.
നരംസിംഹറാവുവും മന്‍മോഹന്‍ സിങ്ങും നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ബിസിനസ്സ് അഭിവൃദ്ധിപ്പെടാനുള്ള രണ്ടാമത്തെ കൈസഹായമായെന്നും അദാനി ഓര്‍മ്മിപ്പിക്കുന്നുണ്ട്. നെഹ്റൂവിയിന്‍ സാമ്പത്തിക നയസമീപനത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറിസഞ്ചരിക്കാന്‍ തുടങ്ങിയ കാലം മുതലാണ് രാജ്യത്തെ അസമത്വത്തിന്റെ തോത് ഉയരാന്‍ തുടങ്ങിയതെന്ന് കണക്കുകളും സൂചിപ്പിക്കുന്നുണ്ട്.
അതിനാല്‍ തന്നെ ഉദാരീകരണ സാമ്പത്തിക നയസമീപനത്തെ തള്ളിപ്പറ്റയുകയും ബദല്‍ സാമ്പത്തിക നയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യാതെ ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങളെ മുന്‍നിര്‍ത്തി മോദി സര്‍ക്കാരിനെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല, അതിന് തയ്യാറാകാതെ ഒന്നല്ല ഒരായിരം ഭരത് ജോഡോ യാത്ര നടത്തിയിട്ടും പ്രയോജനവുമില്ല.
ഭാരത് ജോഡോ യാത്ര കടന്നു പോയ ഇടങ്ങളില്‍ അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം വിശകലനം ചെയ്താല്‍ ഇത് വ്യക്തമാകും. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പുതിയ വര്‍ഷത്തില്‍ ഭാരത്ജോഡോ യാത്രയെ മുന്‍നിര്‍ത്തി ഈ നിലയില്‍ ഒരു സ്വയംവിമര്‍ശനം നടത്തി തിരുത്തല്‍ വരുത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here