ഭീമകോറേഗാവ്; ഭരണകൂടവേട്ടയുടെ മറ്റൊരു പേര്

പതിവുപോലെ ഇന്നലെയും ഇന്നുമായി ഭീമകോറേഗാവിലെ യുദ്ധസ്‌തംഭത്തിന് മുൻപിൽ ആയിരക്കണക്കിന് ദളിതർ അണിനിരന്നു. 200 വർഷത്തോളം പഴക്കമുള്ള, ദളിത് അഭിമാനസ്തംഭമായ ആ സ്മാരകം പക്ഷെ ഇന്ന് മറാത്തകൾക്കെതിരെ ദളിതർ നേടിയ ആധിപത്യത്തിന്റെ മേൽ മാത്രമല്ല അറിയപ്പെടുന്നത്. 2018ലെ കലാപവും തുടർന്നുണ്ടായ സംഭവങ്ങളുടെയും പേരിലാണ്. ഭരണകൂടം തിരഞ്ഞുപിടിച്ചുവേട്ടയാടിയ മനുഷ്യാവകാശപ്രവർത്തകരുടെയും അക്കാദമിക്ക് വിദഗ്ധരുടെയും സാംസ്‌കാരിക നായകന്മാരുടെയും പേരിലും കൂടിയാണ്. അതെ, ഭീമ- കൊറേഗാവ് സംഭവവും തുടർന്നുണ്ടായ ഭരണകൂടവേട്ടയ്‌ക്കും ഇന്ന് അഞ്ചു വയസ്സ് തികയുകയാണ്.

ആരെല്ലാമായിരുന്നു ഭരണകൂടവേട്ടയ്ക്ക് ഇരയായ പ്രധാനപ്പെട്ട വ്യക്തികൾ? എന്തൊക്കെയായിരുന്നു അവരുടെ പശ്ചാത്തലം?

റോണ വിൽസൺ 

ആക്ടിവിസ്റ്റും ഗവേഷകനും മനുഷ്യാവകാശപ്രവർത്തകനുമാണ് റോണ വിൽ‌സൺ. കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് എന്ന സംഘടനയുടെ അമരക്കാരൻ. എൽഖാർ പരിഷതിൽ നടന്ന കലാപത്തിന്റെ ആസൂത്രണത്തിൽ റോണയും പങ്കാളിയായിരുന്നു എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ ഉയർത്തുന്ന ആരോപണം. ഭരണകൂടം രാജ്യദ്രോഹനിയമം ചുമത്തി. റോണയിൽനിന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളിലും ലാപ്ടോപ്പുകളിലും മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന രേഖകൾ കണ്ടെത്തി. എന്നാൽ ആഴ്‌സണൽ കൺസൾട്ടിങ് എന്ന ഇന്റർനാഷണൽ ഏജൻസി റോണയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും രേഖകൾ കൃത്രിമമായി വെക്കപ്പെട്ടതാണെന്നും കണ്ടെത്തി.

വരവര റാവോ

 തെലുങ്കിലെ അറിയപ്പെടുന്ന കവി. എൽഖാർ പരിഷത് സംഗമത്തിൽ പ്രകോപനപരമായി പ്രസംഗിച്ചു എന്ന് ആരോപണം. മറ്റ് ആക്ടിവിസ്റ്റുകളുടെ കൂടെ വരവര റാവോയിനെയും പോലീസ് അറസ്റ്റ് ചെയ്യുന്നു, രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ നിലവിൽ തടവറയ്ക്ക് പുറത്ത്.

സ്റ്റാൻ സ്വാമി

ആർക്കും അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത ഒരു പേരാണ് 84 വയസ്സുണ്ടായിരുന്ന സ്റ്റാൻ സ്വാമിയുടേത്. ജാർഖണ്ഡിൽ ആദിവാസികൾക്കും അടിസ്ഥാന വിഭാഗജനതയ്ക്കും ഇടയിൽ സേവനമനുഷ്ഠിക്കുന്ന ജെസ്യൂട്ട് പാതിരി. 2020 ലാണ് സ്റ്റാൻ സ്വാമിയെ ദേശീയാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമെന്നും കലാപം ആസൂത്രണം ചെയ്തവരിൽ ഒരാളെന്നും ആരോപണം. എല്ലാറ്റിനും മുകളിൽ പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപണം. എന്നാൽ ആഴ്‌സണൽ കൺസൾട്ടിങ് കമ്പനി നടത്തിയ അന്വേഷണത്തിൽ 2014 മുതൽക്കെത്തന്നെ സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പുകൾ ഹാക്ക് ചെയ്യപ്പെട്ടതാണ് രേഖകൾ കൃത്രിമമായി നിക്ഷേപിക്കപ്പെട്ടതായും കണ്ടെത്തി. ജയിലിൽവെച്ച് പാർക്കിൻസൺസ് രോഗബാധിതനായ സ്റ്റാൻ സ്വാമിക്ക് ഭക്ഷണം കഴിക്കാനുള്ള ഉപകരണങ്ങൾപോലും കോടതി നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. അസുഖം ചൂണ്ടിക്കാട്ടി ജാമ്യം ആവശ്യപ്പെട്ടെങ്കിലും കോടതി പലതവണ അത് നിഷേധിച്ചു. പക്ഷെ അസുഖം മൂർച്ഛിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. 2021 ജൂലൈ 5 ന് ആശുപത്രിയിൽവെച്ച് അദ്ദേഹം മരിച്ചു.

സുധാ ഭരധ്വാജ്

അറിയപ്പെടുന്ന അഭിഭാഷകയും മനുഷ്യാവകാശപ്രവർത്തകയുമാണ് സുധാ ഭരധ്വാജ്. ചട്ടിസ്ഗഡിൽ ഖനിത്തൊഴിലാളികൾക്കിടയിലും അടിസ്ഥാനജനവിഭാഗങ്ങൾക്കിടയിലും തങ്ങളുടെ അവകാശങ്ങളെ മുറുകെപ്പിടിക്കാൻ പഠിപ്പിച്ചുകൊണ്ട് യൂണിയൻ പ്രവർത്തനം നടത്തുന്ന ശക്തയായ സാമൂഹികപ്രവർത്തക. 2018 ഓഗസ്റ്റിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസംഗങ്ങൾ, നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയവ ആരോപണങ്ങൾ. പതിവുപോലെ രാജ്യദ്രോഹം ചുമത്തി. എന്നാൽ പ്രത്യേക എൻ.ഐ.എ കോടതി 2021 ഡിസംബറിൽ സുധാ ഭരധ്വാജിന് ജാമ്യം നൽകി.

ആനന്ദ് തെൽതുംബ്‌ദെ

ആക്ടിവിസ്റ്റും സ്കോളറുമാണ് ആനന്ദ് തെൽതുംബ്‌ദെ. ഭീമാ ഖോറെഗാവോണിൽ സംഘർഷം കഴിഞ്ഞയുടനെ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി. സംഘർഷത്തിന് വഴിതെളിച്ചു എന്നതടക്കം നിരവധി ആരോപണനൽ ഉന്നയിച്ച്, രാജ്യദ്രോഹനിയമം ചുമത്തി പോലീസ് കേസെടുത്തു, തടവിലാക്കി. എന്നാൽ നവംബറിൽ, സുപ്രീംകോടതി തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആനന്ദിനെ വിട്ടയച്ചു.

അറസ്റ്റിനുശേഷമുള്ള പല ഘട്ടങ്ങളിലും അന്വേഷണത്തിൽ മെല്ലെപ്പോക്കുണ്ടായി. രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. അന്വേഷണസംഘത്തിന് കൃത്യമായി തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത അവസ്ഥ വരെയുണ്ടായി. പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ പരാമർശങ്ങൾ തന്നെ അതിനുദാഹരണം. കുറ്റാരോപിതർ പരസപരം കൈമാറിയെന്നുപറയപ്പെടുന്ന കത്തുകൾ കോടതിക്ക് കൈമാറിയിരുന്നില്ല. അന്വേഷണസംഘത്തിൽ യോഗ്യതയില്ലാത്തവർ കടന്നുകൂടിയിരുന്നു. മറാത്തി സംസാരിക്കുകയോ,എഴുതുകയോ ചെയ്യാത്ത സുധാ ഭരധ്വാജ് എങ്ങനെ മറാത്തിയിൽ കത്തെഴുതി തുടങ്ങിയ നിരീക്ഷണങ്ങൾ ചന്ദ്രചൂഡ് മുന്നോട്ടുവെച്ചു.

ബൗദ്ധികസ്വഭാവമുള്ള വ്യക്തിത്വങ്ങളെ സംഘപരിവാർ തിരഞ്ഞുപിടിച്ച് നിശ്ശബ്ദരാക്കുന്ന സംഭവങ്ങൾ എന്നുമുണ്ട്. ഭീമാ കൊറെഗാവ് അതിന് ഒരു ഉദാഹരണം മാത്രമാണ്. രാജ്യത്തെ ബൗദ്ധികമേഖലയിൽ കാര്യമായ യാതൊരു സ്വാധീനവുമില്ലാത്ത സംഘപരിവാർ ഒരുപാടുപേരെ ഇത്തരത്തിൽ കള്ളക്കേസുകളിൽ കുടുക്കുകയും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. തീസ്ത സെതൽവാദും എം.എം കലബുറഗിയും ഗൗരി ലങ്കേഷുമടക്കമുള്ള നിരവധി വ്യക്തിത്വങ്ങൾ ഉദാഹരണം. ആശയപ്രതലം വ്യാപിപ്പിക്കാൻ ഏത് നിയമവും ഏത് രീതിയിലും കയ്യിലെടുക്കാം എന്നത് ഫാസിസ്റ്റുകളുടെ രീതിയാണ്. ചോരചിന്തിച്ചും അവർ നേടിയെടുക്കുന്ന ആ പാതയിൽ നമ്മുടെ ഒട്ടനവധി ബൗദ്ധികപ്രമുഖർ അവർക്ക് തടസ്സമായുണ്ട്. അവരെ ഒതുക്കുന്നതാണ് നമ്മളിപ്പോൾ കാണുന്നത്.

ജി.ആർ വെങ്കിടേശ്വരൻ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like