മെക്‌സിക്കോയില്‍ വീണ്ടും വെടിയൊച്ച; ചര്‍ച്ചയായി ‘വാര്‍ ഓണ്‍ ഡ്രഗ്‌സ്’ സൈനിക പദ്ധതി

മെക്‌സിക്കോയില്‍ നിന്ന് വീണ്ടും ജയില്‍ കലാപങ്ങളുടെ വെടിയൊച്ച കേട്ടതോടെ വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന സൈനിക പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്. മയക്കുമരുന്ന് സംഘത്തെ സൈന്യത്തെ ഉപയോഗിച്ച് എതിരിടുന്ന പരാജയ പദ്ധതി പുന:പരിശോധിക്കണമെന്ന ആവശ്യത്തിലാണ് ജനങ്ങള്‍. ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കുപ്രസിദ്ധമെന്ന് നേരത്തെ തന്നെ പേരാര്‍ജിച്ചതാണ് യുവാറസിലെ സെരസോ സ്റ്റേറ്റ് പ്രിസണ്‍. മെക്‌സിക്കിള്‍സ് എന്ന ക്രിമിനല്‍ സംഘത്തിന്റെ നിയന്ത്രണത്തിനുള്ള ജയിലില്‍ ഇതുപോലെ ഇടയ്ക്കിടെ നടക്കുന്ന കലാപത്തില്‍ കൊല്ലപ്പെടുന്നത് നിരവധി പേരാണ്.

വെടിവെപ്പ് നടന്ന സെരസോ പ്രിസണ്‍ അടങ്ങുന്ന ചിഹുവാഹുവ എന്ന അതിര്‍ത്തി സംസ്ഥാനം മാത്രമല്ല കുപ്രസിദ്ധ മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകളുടെ കൈപ്പിടിയില്‍ അമര്‍ന്നു പോയിട്ടുള്ളത്. ഈ ലാറ്റിന്‍ അമേരിക്കന്‍ സ്റ്റേറ്റില്‍ 2022ല്‍ മാത്രം നടന്നത് ഇരുപത്താറായിരത്തോളം കൊലപാതകങ്ങളാണ്. 2006ല്‍ ഡ്രഗ് കാര്‍ട്ടലുകള്‍ക്കെതിരെ അന്നത്തെ വലതുപക്ഷ ഭരണകൂടം ആരംഭിച്ച വാര്‍ ഓണ്‍ ഡ്രഗ്‌സ് വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ണ്ണ പരാജയത്തിലാണ്.

സൈന്യത്തെ തെരുവിലണിനിരത്തി മയക്കുമരുന്ന് കടത്തുന്നതിലേക്ക് വഴിതെറ്റിപ്പോയ സ്വന്തം ചെറുപ്പക്കാരെ വെടിവെച്ചുകൊല്ലാന്‍ ഉള്ള ബുദ്ധിയായിരുന്നു വാര്‍ ഓണ്‍ ഡ്രഗ്‌സ്. അമേരിക്കന്‍ സാമ്രാജ്യത്വം പണ്ടേ നടപ്പിലാക്കിയ പരാജയ പദ്ധതിയെ പുനരവതരിപ്പിക്കുകയായിരുന്നു അന്നത്തെ പ്രസിഡന്റ് ഫിലിപ് കാള്‍ഡറോണ്‍. പിന്നീട് വന്ന വലതുപക്ഷ പ്രസിഡണ്ടുമാരെല്ലാം അതുതന്നെ തുടര്‍ന്നു. കാര്‍ട്ടലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡ്രഗ് ലോഡുകളെ എല്ലാം വധിച്ചു. എന്നിട്ടും മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തെരുവ് യുദ്ധം തുടരുകയാണ്. കെടുതികള്‍ അനുഭവിക്കുന്നതോ സാധാരണ മനുഷ്യരും.

എന്നാല്‍, ബുള്ളറ്റുകള്‍ അല്ല സ്‌നേഹമാണ് ആയുധം എന്ന പ്രഖ്യാപനത്തോടെ വന്ന ഇടതുപക്ഷത്തെ 2018ലാണ് ജനങ്ങള്‍ ഭരണ ചുമതല ഏല്‍പ്പിച്ചത്. കാര്‍ട്ടലുകളുടെ കരാള ഹസ്തത്തിനുള്ളില്‍ പെട്ടുപോയേക്കാവുന്ന തൊഴില്‍രഹിത യുവത്വത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൊണ്ട് ഉയര്‍ത്തിയെടുക്കുകയാണ് പുതിയ പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ ലക്ഷ്യം. ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ആംലോയുടെ ഭരണ മികവില്‍ കലാപം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് മെക്‌സിക്കന്‍ ജനത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here