വയോധികയെ കൊന്ന് മൂന്നു പവന്റെ മാല മോഷ്ടിച്ചു;വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ വീട്ടില്‍ ജോലിക്കെത്തിയ ജോലിക്കാര്‍ ശനിയാഴ്ച ഉച്ചയോടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടെയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് അറിയിച്ചു.

74 കാരിയായ പത്മാവതിയെ ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്മാവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. വീടിനടുത്ത് തന്നെയാണ് മകനും താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിക്കാനായി അമ്മയെ വിളിക്കാനെത്തിയപ്പോഴാണ് പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും കാണാതായിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

ചില നിര്‍മാണപ്രവൃത്തികള്‍ക്കായി പത്മാവതിയുടെ വീട്ടിലെത്തിയതാണ് സത്യഭാമയും ബഷീറും. പത്മാവതി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ ഇരുവരും മോഷണം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു. പത്മാവതിയുടെ വീടിനകത്ത് കയറി പ്രതികള്‍ ഇവരുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ പത്മാവതി മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ രണ്ടുപേരും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പത്മാവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും മാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബഷീര്‍ മോഷ്ടിച്ച മാല ചിറ്റൂരിലെ ജ്വല്ലറിയില്‍ വിറ്റതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here