ഗുരുവായൂരപ്പന്റെ നടയില്‍ അരങ്ങേറ്റം കുറിച്ച് വയനാട് കലക്ടര്‍ എ ഗീത

ഗുരുവായൂരപ്പന്റെ തിരുനടയിലെ കളിവിളക്കിനു മുന്നില്‍ അരങ്ങേറ്റം കുറിച്ച് വയനാട് ജില്ലാ കലക്ടര്‍ എ ഗീത. ഔദ്യോഗിക തിരക്കുകള്‍ ഒരു ദിവസത്തേക്ക് മാറ്റിവച്ചാണ് കളക്ടര്‍ ചമയങ്ങളണിഞ്ഞ് ദമയന്തിയായി നിറഞ്ഞാടിയത്. നളചരിതം ഒന്നാം ദിവസത്തില്‍ ഹംസം ദമയന്തിയുടെ അടുത്ത് വന്ന് നളന്റെ വിശേഷങ്ങള്‍ പറയുന്നതായിരുന്നു രംഗം.

ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന കളിയില്‍ ദമയന്തിയുടെ എല്ലാ പദവും ഉള്‍പ്പെടുന്ന ഭാഗം കളക്ടര്‍ കളിവിളക്കിന് മുന്നില്‍ അവതരിപ്പിച്ചു. സഖിമാരെ നമുക്ക് എന്ന പദത്തോടെയാണ് തുടങ്ങിയത്. പാലക്കാട് സ്വദേശിയായ ഗീത മൂന്നാം വയസ് മുതല്‍ ഭരതനാട്യവും മോഹിനിട്ടവും അഭ്യസിക്കുകയും ഒട്ടേറെ വേദികളില്‍ ചിലങ്കയണിയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കഥകളി പഠിക്കണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. ഗുരുവായൂരപ്പന് മുന്നില്‍ കളി അവതരിപ്പിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നതായി കലക്ടര്‍ എ ഗീത പറഞ്ഞു.

ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ വേണ്ടത്ര പരിശീലനം സാധ്യമായില്ലെങ്കിലും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞതായും അവര്‍ സന്തോഷം പ്രകടിപ്പിച്ചു. വയനാട്ടില്‍ കഥകളി ശില്‍പ്പശാലക്കെത്തിയ കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തിലെ അധ്യാപകന്‍ സി.എം ഉണ്ണിക്കൃഷ്ണനോട് താല്പര്യം അറിയിച്ചു. അങ്ങിനെ ഒരു വര്‍ഷം മുന്‍പ് ഓണ്‍ലൈനായാണ് പഠനം തുടങ്ങിയത്. പിന്നീട് ഉണ്ണിക്കൃഷ്ണന്‍ വയനാട്ടിലെത്തി പഠിപ്പിക്കുകയും ചെയ്തു. പ്രായം തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും മോഹമുള്ളവര്‍ക്ക് പഠിപ്പിച്ച് നല്‍കണമെന്ന ഗുരുവിന്റെ വാക്കുകളാണ് പഠിപ്പിക്കാന്‍ തന്നെ പ്രചോദിപ്പിച്ചതെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

കോട്ടക്കല്‍ ഷിജിത്, കോട്ടക്കല്‍ രമ്യ കൃഷ്ണ എന്നിവര്‍ സഖിമാരായും രതി സുധീര്‍ ഹംസമായും അരങ്ങിലെത്തി. കോട്ടയ്ക്കല്‍ സന്തോഷ്, കോട്ടയ്ക്കല്‍ വിനീഷ് എന്നിവരായിരുന്നു പാട്ട്. മനീഷ് രാമനാഥന്‍ ചെണ്ടയിലും കോട്ടയ്ക്കല്‍ പ്രതീഷ് മദ്ദളത്തിലും വാദ്യമൊരുക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News