നോട്ടുനിരോധനത്തില്‍ സുപ്രീംകോടതിയുടേത് കേന്ദ്ര നടപടിയെ പിന്താങ്ങാത്ത വിധി: സിപിഐ എം പിബി

സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച് പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് മാത്രമാണ് കോടതി പറഞ്ഞത്. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല.

ഈ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്നും അത് 1934ലെ റിസര്‍വ് ബാങ്ക് നിയമത്തിന്റെ 26(2) അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും ഭരണഘടന ബെഞ്ച് ഭൂരിപക്ഷവിധിയില്‍ പറഞ്ഞു. അതേസമയം, നോട്ട് നിരോധനത്തിന് നടപടി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കാണ് കേന്ദ്രത്തോട് ശുപാര്‍ശചെയ്യേണ്ടതെന്ന് ബെഞ്ചിലെ ഒരു ജഡ്ജ് ഭിന്നവിധിയില്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ കേന്ദ്രം തീരുമാനമെടുത്തശേഷം റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടുകയാണ് ചെയ്തത്. അതുകൊണ്ട് തീരുമാനം നടപ്പാക്കും മുമ്പേ പാര്‍ലമെന്റിന്റെ അംഗീകാരം വാങ്ങണമായിരുന്നു.

നോട്ട് നിരോധനത്തിന് അതിന്റെ ലക്ഷ്യങ്ങളുമായി ‘യുക്തിസഹമായ ബന്ധം’ ഉണ്ടായിരുന്നെന്നും എന്നാല്‍ ‘ലക്ഷ്യം നേടിയോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും’ ഭൂരിപക്ഷവിധിയില്‍ പറയുന്നു. അതായത് ഇത്തരം തീരുമാനമെടുക്കാനുള്ള സര്‍ക്കാരിന്റെ നിയമപരമായ അവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. രാജ്യത്തെ കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അനൗപചാരിക സമ്പദ്ഘടനയെ നോട്ട് നിരോധനം തകര്‍ത്തു. ജനകോടികളുടെ ജീവിതമാര്‍ഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളര്‍ത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വിനാശകരമായ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളായി അവകാശപ്പെട്ട കള്ളപ്പണം പിടിച്ചെടുക്കല്‍, വിദേശ ബാങ്കുകളില്‍നിന്ന് അനധികൃത നിക്ഷേപം തിരിച്ചുകൊണ്ടുവരല്‍, കള്ളനോട്ടുകള്‍ അവസാനിപ്പിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കിട്ടുന്നത് അവസാനിപ്പിക്കല്‍, അഴിമതിയും സമ്പദ്ഘടനയില്‍നോട്ടുകളുടെ പ്രചാരവും കുറയ്ക്കല്‍എന്നിവയൊന്നും നേടാനായില്ല. മാത്രമല്ല, നോട്ട് നിരോധിച്ചപ്പോള്‍ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത് 17.7 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 30.88 ലക്ഷം കോടി രൂപയായി ഉയര്‍ന്നു(72 ശതമാനം വര്‍ധന)വെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍പറഞ്ഞിട്ടുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News