ദില്ലിയിലെ യുവതിയുടെ മരണം , ഗവർണറുടെ രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

ദില്ലിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. യുവതി ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും ദുർബലമായ വകുപ്പുകളാണ് പ്രതികളുടെ മേൽ ചുമത്തിയതെന്നും ആരോപിച്ച് ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചു. ദില്ലി ഗവർണർ വി.കെ സക്സേന രാജി വെക്കണമെന്ന് ആവശ്യപെട്ട് ആം ആദ്മി പാർട്ടിയും രംഗത്തെത്തി

ദില്ലി സുൽത്താൻ പുരിയിൽ വച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ‍തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങുകയായിരുന്നു . ശേഷം 12 കിലോമീറ്ററോളം കാറിൽ വലിച്ചിഴച്ചുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദില്ലി പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ യുവതിയുടെ വസ്ത്രങ്ങൾ കാറിനടിയിൽ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. അഞ്ച് പേരും നന്നായി മദ്യപിച്ചിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

സുൽത്താൻപുരി പൊലീസ് സ്റ്റേഷനിൽ യുവതിയുടെ കുടുംബവും നാട്ടുകാരും ദില്ലി ലഫ്റ്റണന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ എഎപി പ്രവർത്തകരും പ്രതിഷേധിച്ചു. യുവതി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും മനപൂർവമല്ലാത്ത നരഹത്യ പോലെ ദുർബലമായ വകുപ്പുകൾ മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും ആരോപിച്ചാണ് പ്രതിഷേധം. പ്രതികളിൽ ഒരാൾ ബിജെപി പ്രവർത്തകനാണെന്നും, കൃത്യമായി വിവരങ്ങൾ പുറത്തു വിടുന്നില്ല എന്നും വി കെ സക്സേന രാജിവെക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. അഞ്ചു പ്രതികളെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധന ഫലവും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here