സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളില്‍മേല്‍ കൃത്യമായി പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.

പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയില്‍മേലും പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here