സ്വവർഗ വിവാഹം നിയമപരമാക്കുന്ന ഹർജി;കേന്ദ്ര സര്‍ക്കാരിന്‌ സുപ്രിം കോടതിയുടെ നോട്ടീസ്

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്ര സര്‍ക്കാരിന്‌ സുപ്രീം കോടതി നോട്ടീസ് അയച്ചു.ആറാഴ്ചയ്ക്കുള്ളിൽ പ്രതികരണം അറിയിക്കാനാണ് കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകിയത്.ഇന്ത്യയിലെ വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും സുപ്രീം കോടതിയിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു. വിഷയത്തിൽ അടുത്ത മാസം പതിനഞ്ചിന് സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.ഈ വർഷം മാർച്ച് പതിമൂന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കം സുപ്രിം കോടതിയിലേക്ക് മാറ്റിയത്.

ഒരേ ചോദ്യവുമായി ബന്ധപ്പെട്ട് ദില്ലി, കേരളം, ഗുജറാത്ത് ഹൈക്കോടതികളിൽ നിരവധി ഹർജികൾ കെട്ടിക്കിടക്കുന്നുണ്ട്. അതു കൊണ്ട് ഹൈക്കോടതികളിൽ നിന്നും എല്ലാ റിട്ട് ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ തങ്ങൾ നിർദ്ദേശിക്കുന്നു എന്നായിരുന്നു ബെഞ്ചിൻ്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചത്.ജസ്‌റ്റിസ് പി എസ് നരസിംഹ, ജസ്‌റ്റിസ് ജെ ബി പർദിവാല എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

158 വർഷം പഴക്കമുള്ള കൊളോണിയൽ കാലം മുതൽ നിലനിന്നു വന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 സുപ്രിം കോടതി റദ്ദാക്കിയിരുന്നു.നവ്‌തേജ് സിംഗ് ജോഹർ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2018 സെപ്റ്റംബർ 6 നായിരുന്നു സ്വവര്‍ഗ ലൈംഗികത കുറ്റമല്ല എന്ന ചരിത്ര വിധി.ലൈംഗിക ആഭിമുഖ്യം ജൻമനാ ഉണ്ടാകുന്നതാണ്.ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത് ഒരാളുടെ ലൈംഗികത. പരമ്പരാഗത കാഴ്ചപ്പാടുകള്‍ അവസാനിപ്പിച്ച് വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നായിരുന്നു സ്വവർഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള 377 വകുപ്പ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞത്
തുല്യതയ്ക്കും അന്തസ്സിനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നു എന്ന കാരണത്താലാണ് വകുപ്പ് 377 റദ്ദാക്കിയത്.

ഒരേ രാജ്യത്തുള്ളവർക്ക് വിവാഹം കഴിക്കാം, ഒരേ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം, ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം. പക്ഷേ ഒരേ ലിംഗത്തിൽപ്പെട്ടവർക്കു മാത്രം വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന് സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാർ ദില്ലി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്കും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന വാദമുയർത്തിയാണ് കേന്ദ്രസർക്കാർ സ്വവർഗ വിവാഹത്തെ എതിർക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here